മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഓഫീസ് ഫയലുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി
മന്ദലാംകുന്ന് : ജി എഫ് യു പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഓഫീസ് ഫയലുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, സെക്രട്ടറി ഷീജ എൻ വി എന്നിവർ ചേർന്ന് വിദ്യാർഥികളിൽ നിന്നും ഫയലുകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളെ പഞ്ചായത്ത് ഓഫീസിൽ മധുരം നൽകി സ്വീകരിച്ചു.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം(എസ്.എസ്.എസ്.എസ്) ശില്പശാലയിൽ വിദ്യാർഥികൾ നിർമ്മിച്ചതാണ് ഫയലുകൾ. വിദ്യാർഥികളിൽ സാമൂഹിക അവബോധവും സംഘാടന ശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് എസ് എസ് എസ് എസ്. അഞ്ചാം ക്ലസ്സിലെ മുപ്പത് കുട്ടികൾ അടങ്ങുന്ന ടീമാണ് ഏകദിന ശില്പശാലയുടെ ഭാഗമായി ഫയലുകൾ നിർമ്മിച്ചത്. പൂർണ്ണമായും പ്ളാസ്റ്റിക് ഒഴിവാക്കി കൊണ്ടുള്ള ഓഫീസ് ഫയൽ, ബോക്സ് ഫയൽ എന്നീ രണ്ട് തരം ഫയലുകളാണ് നിർമ്മിച്ചത്. സോഷ്യൽ സർവ്വീസ് സ്കീമിലെ എല്ലാ കുട്ടികളും ശില്പശാലയിൽ പങ്കെടുത്തു.
എൽ.പി വിഭാഗം അധ്യാപിക വിദ്യ, എസ് എസ് എസ് എസ് കോർഡിനേറ്ററായ ഷബാന എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. എ വിശ്വനാഥൻ മാസ്റ്റർ, വാർഡ് അംഗം അസീസ് മന്ദലാംകുന്ന്, പ്രധാനധ്യാപിക സുനിത, സ്റ്റാഫ് സെക്രട്ടറി ഡോ. ടി. കെ അനീസ് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ആവശ്യങ്ങൾക്കായുള്ള ഫയലുകളും വിദ്യാർത്ഥികൾ നേരത്തെ നിർമിച്ചു നൽകിയിരുന്നു.
Comments are closed.