പോക്സോ കേസ്: 24-കാരന് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 24-കാരന് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർഗോഡ് മടിക്കൈ വില്ലേജിൽ ഓർച്ച ദേശത്ത് അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് സജീറിനെയാണ് (24) ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ സുരേഷ് കുമാർ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ സഹോദരൻ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ വിവേക് നാരായണനാണ് ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.എസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, പി ജി ഗോപകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ എ എസ് ഐ സിന്ധു എം.ആർ നടപടികൾ ഏകോപിപ്പിച്ചു.




Comments are closed.