
എടക്കര : പുന്നയൂർ ഗ്രാമ പഞ്ചായത്ത് അവതരിപ്പിച്ച 2025 – 26 ലെ ബഡ്ജറ്റ് മുൻവർഷങ്ങളിലെ തനിയാവർത്തനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് ഗേറ്റിനു മുന്നിൽ ബഡ്ജറ്റ് കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. വ്യാഴാഴ്ച അവതരിപ്പിച്ച ബഡ്ജറ്റ് അവതരണത്തെ തുടർന്ന് വെള്ളിയാഴ്ച നടന്ന ചർച്ചയിൽ നിന്ന് ഇറങ്ങി വന്നാണ് പ്രതിഷേധിച്ചത്. പഞ്ചായത്തിലെ നല്ലൊരു ശതമാനം ആളുകൾ മത്സ്യബന്ധനത്താൽ ഉപജീവനം നേടുന്നവർ ആയിരിക്കെ മത്സ്യത്തൊഴിലാളി മേഖലയെ പാടെ അവഗണിച്ചുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്നാണ് ആക്ഷേപം. പഞ്ചായത്തിലെ റോഡുകൾ ഏറെക്കുറെ തകർന്നു കിടന്നിട്ടും പരിഹാരം കാണത്തക്ക രീതിയിലുള്ള വിഹിതം ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ല. 500ല്‍ പരം ഭവനരഹിതർക്ക് ലൈഫ് പദ്ധതിയിലൂടെ വീടുകൾ നൽകുമെന്ന് ഭരണസമിതിയുടെ തുടക്ക കാലഘട്ടം മുതൽ പറഞ്ഞിട്ടും ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം അവശേഷിക്കെ പുതിയ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുക കൊണ്ട് എങ്ങനെയാണ് ഭവന നിർമ്മാണം സാധ്യമാകുക എന്നും യു.ഡി.എഫ് അംഗങ്ങൾ ചോദിച്ചു.

ധാരാളം യുവജന ക്ലബ്ബുകൾ ഉള്ള പഞ്ചായത്തിൽ യുവജനക്ഷേമ പദ്ധതികൾക്ക് ആവശ്യമായ ഫണ്ടും വകയിരുത്തിയിട്ടില്ല. നല്ല സാധ്യതകൾ നിലവിലിരിക്കെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനു അപര്യാപ്തമായ ഫണ്ടാണ് വകയിരുത്തിയിട്ടുള്ളത്. യു.ഡി.എഫ് അംഗങ്ങളായ എം.വി ഹൈദരലി, സി അഷ്റഫ്, അസീസ് മന്ദലാംകുന്ന്, സുബൈദ പുളിക്കൽ, ജസ്ന ഷജീർ, ഷരീഫ കബീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.

Comments are closed.