റോഡിലെ കുഴികളും അപകട മരണങ്ങളും – നടപടിയില്ലെങ്കിൽ വകുപ്പ് മന്ത്രിയെ വഴിയിൽ തടയും : യൂത്ത് ലീഗ്
ചാവക്കാട് : റോഡിലെ കുഴികളിൽ വീണു അപകടവും മരണവും സംഭവിക്കുന്നത് കേരളത്തിൽ നിത്യ സംഭവമാവുകയാണെന്നും അത്തരം മരണങ്ങളിൽ പൊതുമരാമത്ത് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ആവിശ്യപെട്ടു.
സംസ്ഥാന പാതയിലും ദേശീയ പാതയിലും കുഴികൾ മൂലം സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് വടക്കേ ബൈപാസ്സിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കോടതികളിൽ നിന്ന് ഇത്രമാത്രം പരിഹാസവും വിമർശനങ്ങളും ഏറ്റെടുവാങ്ങേണ്ടി വന്ന ഒരു മന്ത്രി അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. എന്നാൽ നാണവും മാനവും നഷ്ടപെട്ട വകുപ്പ് മന്ത്രി മീഡിയ ഗിമ്മിക്കിലൂടെ കേരള ജനതയെ വിഡ്ഢികളാക്കാമെന്നാണ് കരുതുന്നത്. ദേശീയ പാതകളിലാണ് കുഴികൾ എന്ന് പറയുന്ന മന്ത്രിക്ക് സ്വന്തം വകുപ്പിനെയും കീഴിലുള്ള റോഡുകളെയും കുറിച്ചുള്ള അറിവില്ലായ്മയാണ് വ്യക്തമാകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരസ്പര ദുരഭിമാനം വെടിഞ്ഞു ജനങ്ങളുടെ ജീവനും യാത്ര സ്വാതന്ത്ര്യത്തിനും വേണ്ടി ഇടപെടൽ നടത്തണമെന്നും അല്ലാത്തപക്ഷം കേരളത്തിന്റെ പൊതു മരാമത്ത് മന്ത്രിയെ വഴിയിൽ തടയേണ്ടി വരുമെന്നും നൗഷാദ് കൂട്ടി ചേർത്തു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കൌൺസിൽ അംഗം പി എം അനസ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഇൻ ചാർജ് ലത്തീഫ് പാലയൂർ, സെക്രട്ടറി ഫൈസൽ കാനംപുള്ളി, ഹനീഫ് ചാവക്കാട്, ഷജീർ പുന്ന, ആരിഫ് പാലയൂർ, കെ എം റിയാസ്, ടി എം ഷാജി, ഷാഹുൽ ബ്ലാങ്ങാട്, മജീദ് താഴത്ത്, നവാസ് തിരുവത്ര, കെ കെ കാദർ എന്നിവർ സംസാരിച്ചു.
ഷഹീർ ബ്ലാങ്ങാട് സ്വാഗതവും ആഷിക് മടപ്പേൻ നന്ദിയും പറഞ്ഞു
ഫോട്ടോ : റോഡിലെ കുഴികൾ : യൂത്ത് ലീഗ് പ്രവർത്തകർ ചാവക്കാട് സെന്ററിൽ നടത്തിയ വാഴ നട്ട് പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്യുന്നു.
Comments are closed.