ഗുരുവായൂർ മണ്ഡലത്തിൽ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. പുന്നയൂർക്കുളം പഞ്ചായത്തിലാണ് എസ്ഡിപിഐ സ്ഥാനാർഥി വിജയിച്ചത്. വാർഡ് 18 പാപ്പാളിയിൽ നിന്നും മത്സരിച്ച ബുഷറ സുബൈർ 153 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മറ്റു മുന്നണികളെ പരാജയപ്പെടുത്തിയത്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് 689 വോട്ടുകൾ നേടിയാണ് ബുഷറയുടെ വിജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കോൺഗ്രസിന്റെ സൈനബ 536 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർഥി സുൽഫിയ ഇല്യാസ് 55 വോട്ടുകളാണ് നേടിയത്. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി രംഗത്ത് ഉണ്ടായിരുന്ന ഷൈമ ഷക്കീറിന് 45 വോട്ടുകൾ ലഭിച്ചു.

45 വർഷത്തെ എൽഡിഎഫ് ഭരണത്തിനുശേഷം യുഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐയുടെ ഒരു സീറ്റ് നിർണായകമാണ്. 21 വാർഡുകളിൽ 9 സീറ്റ് യുഡിഎഫിന് ലഭിച്ചപ്പോൾ 7 സീറ്റാണ് എൽഡിഎഫ് നേടിയത്. എൻഡിഎക്ക് 4 സീറ്റ് ഉണ്ട് പുന്നയൂർക്കുളത്ത്.
യു ഡി എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ലഭിച്ച മൂന്നു സീറ്റുകളിൽ രണ്ടു സീറ്റിൽ വിജയിച്ചു. വാർഡ് ഒന്ന് തങ്ങൾ പടി കെ എച്ച് ആബിദ്, വാർഡ് 17 എടക്കര സൈനബ ശുക്കൂർ എന്നിവരാണ് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ.

Comments are closed.