mehandi banner desktop
Chavakkad online

ചാവക്കാട് റോഡിലെ വെള്ളക്കെട്ടിൽ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

Ft

ചാവക്കാട്: പുന്ന ചിങ്ങനാത്ത് റോഡിൽ വെള്ളക്കെട്ടിലൂടെ നടന്നുപോയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. പുന്ന സ്വദേശിയും ചാവക്കാട് എം.ആർ.ആർ.എം. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മുഹമ്മദ്‌ റിഹാനാണ് പാമ്പുകടിയേറ്റത്.സുഹൃത്തുക്കളോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് നടന്നുപോകുന്നതിനിടെ ഇന്ന്സം രാവിലെയാണ് സംഭവം. കാലിൽ എന്തോ തടഞ്ഞതായി തോന്നിയതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ പാമ്പ് കാലിൽ ചുറ്റിയിരിക്കുന്നത് കാണുകയായിരുന്നു. ഉടൻതന്നെ കാൽ കുടഞ്ഞ് പാമ്പിനെ മാറ്റിയെങ്കിലും വിദ്യാർത്ഥിയുടെ കാലിൽ കടിയേറ്റതിന്റെ മുറിപ്പാടുകൾ ഉണ്ടായിരുന്നു.ഉടൻതന്നെ ചാവക്കാട് ആശുപത്രിയിൽ എത്തിക്കുകയും, തുടർചികിത്സയ്ക്കായി കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ കുട്ടി സുഖം പ്രാപിച്ചുവരികയാണെന്നും വിഷബാധയേറ്റിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിപ, ഷിഗല്ല, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ നഗരസഭ ബോധവൽക്കരണം നടത്തുമ്പോഴും പുന്ന മേഖലയിൽ പലയിടത്തും റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. കാനകൾ തുറന്ന് വൃത്തിയാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ‘ആളില്ല’ എന്ന മറുപടി നൽകി അധികൃതർ ഒഴിഞ്ഞുമാറുകയാണെന്ന് പരാതി. പാമ്പ് കടി പോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ റോഡിലെ വെള്ളക്കെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും, കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ വെട്ടി വൃത്തിയാക്കണമെന്നും അഞ്ചാം വാർഡ് കൗൺസിലർ സീന നൗഷാദ്, ആറാം വാർഡ് കൗൺസിലർ ഫെബിന നൗഷാദ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എം.ബി. സുധീർ എന്നിവർ ആവശ്യപ്പെട്ടു.

Jan oushadi

Comments are closed.