mehandi new

പ്രചാരണത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സുനിൽ കുമാർ – വിജയ സാധ്യത കെ മുരളീധരന് – സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് തുടരും

fairy tale

✍️ എം വി ഷക്കീൽ

planet fashion

ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വിരാമം. ഇനി നിശബ്ദ പ്രവർത്തനം. നാളെ വിധിയെഴുത്ത്. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച്  ഇടതുപക്ഷ സ്ഥാനാർഥി വി എസ് സുനിൽകുമാർ. യു ഡി എഫ് സ്ഥാനാർഥി കോണ്ഗ്രസ്സിന്റെ കെ മുരളീധരനെയും എൻ ഡി എ സ്ഥാനാർഥി ബി ജെ പി യുടെ സുരേഷ് ഗോപിയേയും ഏറെ പിന്നിലാക്കിയ മികച്ച പ്രകടനമാണ് ഇലക്ഷൻ വർക്കിൽ സി പി ഐ സ്ഥാനാർഥി വി എസ് സുനിൽകുമാറിന് വേണ്ടി ഇടതുപക്ഷം കാഴ്ച്ചവെച്ചത്. സംഘടനാ സംവിധാനത്തിന്റെ ചലനാത്മകത പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ എൽ ഡി എഫ് ന് കഴിഞ്ഞു. ബൂത്ത്‌ തല കുടുംബ സംഗമങ്ങളും വ്യക്തിതല സന്ദർശനങ്ങളും എൽ ഡി എഫ് വ്യവസ്ഥാപിതമായി നടത്തിയപ്പോൾ യു ഡി എഫ് ന് ഒപ്പമെത്താൻ കഴിഞ്ഞില്ല.

തൃശൂർ ജില്ലയിലെ തൃശൂർ, ഒല്ലൂർ, പുതുക്കാട്, മണലൂർ, ഗുരുവായൂർ, നാട്ടിക, ഇരിങ്ങാലക്കുട എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ  ഉൾപ്പെടുന്നതാണ് തൃശൂർ ലോകസഭാ മണ്ഡലം. ഏഴു മണ്ഡലങ്ങളിലും നിലവിൽ എൽഡിഎഫ് എം എൽ എ മാരാണ്. ഒല്ലൂർ, തൃശൂർ, നാട്ടിക (എസ്‌സി) എന്നിവ സിപിഐയുടെയും ബാക്കിയുള്ളവ സിപിഎമ്മിൻ്റെയും കൈവശമാണ്.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒരു ലക്ഷത്തിനടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനേക്കാൾ 64,107 വോട്ടിൻ്റെ വൻ വർധന കോൺഗ്രസ് നേടിയപ്പോൾ സിപിഐക്ക് 67,753 വോട്ടിൻ്റെ കുറവ് സംഭവിച്ചു.  ബി.ജെ.പി തങ്ങളുടെ വോട്ട് വിഹിതത്തിൽ 91,141 വോട്ട് കൂടുതൽ നേടി നില മെച്ചപ്പെടുത്തി.  തൃശൂർ അസംബ്ലി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 

ബി ജെ പി സർക്കാറിനെതിരെ ന്യൂനപക്ഷ വോട്ടുകൾ  ഏകീകരിച്ചതാണ് അന്ന് യു.ഡി.എഫി ന്  ഭൂരിപക്ഷം  വർധിക്കാൻ കാരണം. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു ഡി എഫ് ഭൂരിപക്ഷം നേടി. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ ഏറ്റവും കൂടുതൽ വോട്ടും (65160) ഭൂരിപക്ഷവും ( 20465) നേടിയത്. എന്നാൽ 2021 ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ തൃശൂരിലെ ഏഴു മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയം നേടി. ഗുരുവായൂർ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ 18,268 വോട്ടിന്റെ ഭൂരിപക്ഷം നേടി.  ലോകസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ ആത്മ ബലത്തിൽ  തൃശൂർ അസംബ്ലി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. 

കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാർട്ടി വോട്ടുകൾ സി പി ഐ ഇത്തവണ തിരിച്ചു പിടിക്കും. കരുവന്നൂർ വിഷയം പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ എൽ ഡി എഫ് വോട്ടുകളിൽ കുറവ് വരുത്തും. ഈ വോട്ടുകൾ ബി ജെ പി ക്കും യു ഡി എഫി നും ലഭിക്കാൻ സാധ്യതയുണ്ട്. നാട്ടിക, ഗുരുവായൂർ തീരദേശ മണ്ഡലങ്ങൾ യു ഡി എഫി നൊപ്പം നിൽക്കും. മണലൂർ മണ്ഡലം എൽ ഡി എഫ് അനുകൂലമാകുമ്പോഴും പാവറട്ടി മേഖലയിൽ നിന്നും ചെറുതല്ലാത്ത യുഡിഎഫ് വോട്ടുകൾ ബി ജെ പി സ്ഥാനാർഥിക്ക് ലഭിക്കും. ഒല്ലൂർ യു ഡി എഫ് അനുകൂലമാണെന്നാണ് കണക്കാക്കുന്നത്. തൃശൂർ നിയമസഭ മണ്ഡലത്തിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ടുനില മെച്ചപ്പെടുത്താൻ ബി ജെ പിക്ക് ആവില്ലെന്നാണ് വിലയിരുത്തൽ. 

കേന്ദ്ര സംഘത്തിന്റെ സഭാ സന്ദർശനവും ഓഫറുകളും, ലൂർദ് മാതാവിന്റെ സ്വർണ്ണകിരീടം സ്ത്രീകളിൽ ഉണ്ടാക്കിയിട്ടുള്ള വൈകാരികതയും,  തൃശൂർ പൂരം അനിഷ്ട സംഭവങ്ങളും ബി ജെ പി ക്ക് വോട്ടാകുമോ എന്ന സന്ദേഹം നിലനിൽക്കുന്നുണ്ട്. സിനിമ സെലിബ്രിറ്റിയായ സുരേഷ് ഗോപിയുടെ പര്യടന വഴികളിലും സ്വീകരണ കേന്ദ്രങ്ങളിലും തിങ്ങികൂടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സാനിധ്യം വോട്ടായി മാറുമെന്ന കണക്കുകൂട്ടലുകളാണ് സുരേഷ്ഗോപി തൃശൂരിൽ രണ്ടാം സ്ഥാനത്ത് എത്തുമെന്ന പ്രചരണത്തിന് പിന്നിൽ. പിള്ള വിഭാഗത്തിൽ പെട്ട സുരേഷ് ഗോപിക്ക് ലഭിക്കേണ്ടിയിരുന്ന ഹിന്ദുക്കളിലെ ഉയർന്ന വിഭാഗത്തിലെ ഇടതു വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ മാരാർ വിഭാഗത്തിലെ കെ മുരളീധരന്റെ  സ്ഥാനാർഥിത്വം കാരണമായിട്ടുണ്ട്. തീവ്ര ഹിദുത്വം താത്പര്യമില്ലാത്ത എന്നാൽ കമ്മ്യുണിസ്റ്റ്കാർക്ക് വോട്ട് ചെയ്യാത്ത ഭക്തർ കെ മുരളീധരനെ നല്ലൊരു ഓപ്‌ഷനായി പരിഗണിക്കുന്നുണ്ട്. 

വിവിധ കേന്ദ്രങ്ങളിൽ നടന്ന കലാശക്കൊട്ടിൽ യുഡിഎഫ് എൽ ഡി എഫിനൊപ്പമോ ഒരുപടി മുന്നിലോ എത്തിയിട്ടുണ്ട്. പാവറട്ടി മേഖലയിലെ ബിജെപിയുടെ കലാശക്കൊട്ടിൽ മുൻപില്ലാത്തവിധം ആളുകളുടെ പങ്കാളിത്തം ശ്രദ്ദിക്കപ്പെട്ടു.

ഇത്തവണയും ലോകസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ ബിജെപിക്കെതിരെ യു ഡി എഫ് അനുകൂല വോട്ടുകളായി മാറും എന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ സാഹചര്യങ്ങൾ നില നിൽക്കുകയും സി എ എ ക്കൊപ്പം മണിപ്പൂർ കലാപം, ബുൾഡൊസർ രാജ്, ഗ്യാൻവ്യാപി മസ്ജിദ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർഗ്ഗീയ വിദ്വേഷ പ്രസംഗങ്ങൾ വരെ ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കുന്നതിന് കാരണമാകും. 

51% ന്യൂനപക്ഷ വോട്ടുകളുള്ള തൃശൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ മതപരമായ അടിയൊഴുക്കുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. തൃശൂർ ലോകസഭാ മണ്ഡലത്തിൽ 35% ക്രിസ്ത്യാനികളും 16% മുസ്ലീ വോട്ടർമാരുമുണ്ട്. മതപരവും ജാതിപരവുമായ ഘടനയെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണയിക്കും. 

രാഷ്ട്രീയ നിരീക്ഷകർ, മാധ്യമ പ്രവർത്തകർ, വിവിധ പാർട്ടികളുടെ നേതൃത്വം, അണികൾ, പോഷക സംഘടനകൾ, പൊതു ജനം എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ടും വിവിധ ഏജൻസികളുമായി സഹകരിച്ച് ചാവക്കാട്ഓൺലൈന് ലഭിച്ച എക്സ്ക്ലൂസീവ് ഗ്രാസ് റൂട്ട് സെൻസസ് ഡേറ്റകൾ അവലംബിച്ചും തയ്യാറാക്കിയത് 

Macare health second

Comments are closed.