
ഗുരുവായൂർ : രണ്ടു ദിവസം മുൻപ് ഭർതൃ ഗൃഹത്തിൽ നിന്നും കാണാതായ ഗുരുവായൂർ സ്വദേശിനിയായ യുവതിയുടെ മൃതദേഹം പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കൈപ്പറമ്പ് പോന്നോർ കാര്യാട്ടുകര വീട്ടിൽ സനീഷിന്റെ ഭാര്യ ഹരിത(28) യുടെ മൃതദേഹം കണ്ടെത്തിയത്. ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് മൃതദേഹം. ഗുരുവായൂർ എടപ്പുള്ളി റോഡിൽ കുറുവങ്ങാട്ടിൽ സുരേഷിന്റെ മകളാണ് ഹരിത. ഏഴു വർഷം മുൻപായിരുന്നു ഹരിതയുടെ വിവാഹം.

ശനിയാഴ്ച രാവിലെ സൊസൈറ്റിയിൽ അടക്കാനായി 5000 രൂപയുമായി സ്‌കൂട്ടറിൽ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു യുവതി. മുണ്ടൂരിൽ വാഹനം വെച്ച് സമീപത്തെ കടയിൽ നിന്നും ഒൻപതരയോടെ രണ്ട് മാസ്കും വാങ്ങിയിരുന്നു. റോഡരുകിൽ കിടന്നിരുന്ന ഒരു വെളുത്ത കാറിന് സമീപം വരെ പോകുന്നതായി കണ്ടവരുണ്ട്. അതിനിടയിൽ മറ്റൊരു വലിയ വാഹനം കാറിനെ മറി കടന്ന് പോയി. വാഹനം പോയി കഴിഞ്ഞപ്പോൾ കാറും യുവതിയും അവിടെ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രാദേശിക ചാനലിൽ കേബിൾ ജോലിക്കാരനാണ് ഭർത്താവ് സനീഷ്. അഞ്ചര വയസ്സുള്ള മകനുണ്ട്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം നാളെ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമാർട്ടം നടത്തും. പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്ന് തൃത്താല പോലീസ് പറഞ്ഞു.

Comments are closed.