mehandi banner desktop
Chavakkad online

ഹനീന, സ്വാതി റിയൽ ലൈഫ് ഹീറോസ്: ഒരു ജീവന്റെ തുടിപ്പ് കാത്ത രണ്ടു മാലാഖമാർ -ചാവക്കാട് ബസ്സിൽ നാടകീയ രംഗങ്ങൾ

fairy tale

ചാവക്കാട്: പൊന്നാനി-ചാവക്കാട് റൂട്ടിലോടുന്ന ആ സ്വകാര്യ ബസ്സ് പതിവുപോലെ യാത്രക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. ജോലിക്കും കോളേജുകൾക്കുമായി പോകുന്നവരുടെ തിരക്ക്. ബസ്സ് ചാവക്കാട് ടൗണിലേക്ക് അടുക്കാറായപ്പോഴാണ് ആ ശാന്തതയെ ഭേദിച്ച്, ഒരമ്മയുടെ ജീവനായുള്ള ഒരു പെൺകുട്ടിയുടെ ദീനമായ നിലവിളി ഉയർന്നത്.

planet fashion

പെട്ടെന്നാണ് ആ പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന, നാൽപ്പതു വയസ്സു തോന്നിക്കുന്ന അമ്മയ്ക്ക് തളർച്ച ബാധിച്ചത്. നിമിഷങ്ങൾക്കകം അവരുടെ കണ്ണും ചുണ്ടും ഒരു വശത്തേക്ക് കോടിപ്പോയി. കുഴഞ്ഞുവീഴാൻ പോയ അമ്മയെ താങ്ങിപ്പിടിച്ച് എന്തുചെയ്യണമെന്നറിയാതെ ആ പെൺകുട്ടി ഭയന്നുവിറച്ചു നിലവിളിച്ചു. പെട്ടെന്നുണ്ടായ ഈ കാഴ്ചയിൽ ബസ്സിലെ യാത്രക്കാരും ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.

എന്നാൽ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ധൈര്യപൂർവ്വം രണ്ട് പെൺകുട്ടികൾ മുന്നോട്ട് വന്നു. മറ്റാരുമായിരുന്നില്ല അത്; മുതുവട്ടൂർ രാജാ ആശുപത്രിയിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളായ എടക്കഴിയൂർ സ്വദേശി ഹനീനയും സ്വാതിയും.

തിരക്കേറിയ ബസ്സിലെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും അവർ ഒട്ടും സമയം കളയാതെ രോഗിയെ പരിശോധിച്ചു. സ്ത്രീയുടെ ഹൃദയമിടിപ്പ് വളരെ കുറവാണെന്നും അവർ തീർത്തും തളർന്നുപോയെന്നും ഹനീനയ്ക്കും സ്വാതിക്കും പെട്ടെന്ന് തന്നെ മനസ്സിലായി. ഒരു പക്ഷാഘാതത്തിന്റെ (Stroke) ലക്ഷണങ്ങളായിരുന്നു അത്.

ക്ലാസ്സ് മുറികളിൽ പഠിച്ച അറിവും പ്രായോഗിക പരിശീലനവും കൈമുതലാക്കി ഹനീന ഉടൻ തന്നെ ആ സ്ത്രീക്ക് സി.പി.ആർ (CPR) നൽകാൻ ആരംഭിച്ചു. സ്വാതി അവർക്ക് ആവശ്യമായ പിന്തുണയുമായി ഒപ്പം നിന്നു. വിദ്യാർത്ഥിനികളുടെ കൃത്യമായ പരിചരണത്തിനൊടുവിൽ, ആ സ്ത്രീ പതുക്കെ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തി.

ബസ്സ് ചാവക്കാട് സെന്ററിൽ എത്തിയപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വേഗത്തിലായി. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. രോഗിയെ ആംബുലൻസിലേക്ക് മാറ്റുമ്പോൾ ഹനീനയും സ്വാതിയും അവരുടെ കൂടെപ്പോകാൻ മടിച്ചില്ല. ഇന്ന് ശനിയാഴ്ച രാവിലേ ഒൻപത് മണിയോടെയായിരുന്നു സംഭവം.

“പക്ഷാഘാതം (Stroke) വന്ന് ശരീരം പൂർണ്ണമായും തളർന്നുപോകാൻ സാധ്യതയുണ്ടായിരുന്ന അവസ്ഥയായിരുന്നു അത്. ആ നിർണായക നിമിഷത്തിൽ വിദ്യാർത്ഥിനികൾ നൽകിയ പ്രഥമശുശ്രൂഷയാണ് ആ സ്ത്രീയുടെ ജീവൻ രക്ഷിച്ചതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു

അടിയന്തരമായി രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.

തങ്ങളുടെ കൺമുന്നിൽ നടന്ന വലിയൊരു അപകടത്തിൽ നിന്ന് ഒരു ജീവൻ കാക്കാനായതിന്റെ ആശ്വാസത്തിലാണ് ഹനീനയും സ്വാതിയും. എന്നാൽ ഈ അഭിനന്ദനങ്ങളൊന്നും സ്വന്തം അക്കൗണ്ടിൽ എഴുതാൻ ഈ മിടുക്കികൾ തയ്യാറല്ല.

ആപത്ഘട്ടങ്ങളിൽ എങ്ങനെ ഭയപ്പെടാതെ ഇടപെടണമെന്നും ഒരു ജീവൻ എങ്ങനെ രക്ഷിക്കണമെന്നും ഞങ്ങളെ പ്രാപ്തരാക്കിയത് ഞങ്ങളുടെ അധ്യാപകരാണ്. ഈ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും അവർക്ക് മാത്രമുള്ളതാണ്,” ഹനീന വിനയത്തോടെ പറഞ്ഞു.

നഴ്സിംഗ് പഠനത്തിന്റെ ആദ്യവർഷത്തിൽ തന്നെ ഒരു ജീവൻ കാത്തുസൂക്ഷിച്ച ഹനീനയും സ്വാതിയും, തങ്ങൾ തിരഞ്ഞെടുത്ത സേവനവഴികളിലെ യഥാർത്ഥ മാലാഖമാരാണെന്ന് തെളിയിച്ചിരിക്കുകയാണ്. നാടൊന്നാകെ ഈ മിടുക്കികൾക്ക് അഭിനന്ദനപ്രവാഹവുമായി ഒപ്പമുണ്ട്.

Comments are closed.