mehandi banner desktop

ചൂട്ടുവെട്ടത്തിൽ പുഴ നീന്തിക്കടന്നൊരു മാലാഖ : അസീസ് ഡോക്ടർ അരനൂറ്റാണ്ടിന്റെ ആതുരസേവനം

fairy tale

ലക്ട്രിസിറ്റിയുടെ വെളിച്ചമോ ആധുനിക ഗതാഗത സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലം. ഇരുട്ടുനിറഞ്ഞ ഇടവഴികളിൽ ആകെയുള്ളത് ഒരു ടോർച്ചിന്റെയോ അല്ലെങ്കിൽ ചൂട്ടിന്റെയോ ഇത്തിരിവെട്ടം മാത്രം. അർദ്ധരാത്രിയിൽ എപ്പോഴോ ഒരു കിടപ്പുരോഗിക്ക് ശ്വാസം മുട്ടുന്നു, അല്ലെങ്കിൽ ഗർഭിണിയായ ഒരു സ്ത്രീ പ്രസവവേദന കൊണ്ട് പുളയുന്നു,  അങ്ങനെയുള്ള നിമിഷങ്ങളിൽ ആ തീരദേശ ഗ്രാമങ്ങൾ ഒരു മാലാഖയെപ്പോലെ കാത്തിരുന്ന ഒരേയൊരു മുഖമുണ്ടായിരുന്നു – ഡോക്ടർ അബ്ദുൽ അസീസ്.

planet fashion

രാപകൽ വ്യത്യാസമില്ലാതെ, പുഴ നീന്തിക്കടന്നും വഞ്ചിയിൽ സഞ്ചരിച്ചും നടന്നും രോഗികളുടെ അടുത്തേക്ക് ഓടിയെത്തിയിരുന്ന അദ്ദേഹം വെറുമൊരു ഡോക്ടർ മാത്രമല്ല, എടക്കഴിയൂരുകാർക്ക് ജീവന്റെ കാവലാളായിരുന്നു.

എറണാകുളം ജില്ലയിലെ വേലൂർ സ്വദേശിയായ അസീസിന്റെ കുട്ടിക്കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. തന്റെ എട്ടാം വയസ്സിൽ തന്നെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടു. പിന്നീട് ജ്യേഷ്ഠന്മാരുടെ തണലിലും സ്നേഹത്തിലുമാണ് അദ്ദേഹം വളർന്നത്. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് എം.ബി.ബി.എസ് ബിരുദം നേടി. അനാഥത്വത്തിൽ നിന്നും ആതുരസേവനത്തിലേക്കെത്തിയ അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെയാണ്‌, തന്റെ മുപ്പതാം വയസ്സിൽ, അതായത് 1976 ഒക്ടോബറിൽ  എടക്കഴിയൂരിൽ എത്തുന്നത്.

പുന്നയൂർ പഞ്ചായത്തിലെയും ചാവക്കാട് മുനിസിപ്പാലിറ്റിയിലെയും തീരമേഖലയിലുള്ള സാധാരണക്കാരുടെ വലിയൊരു ആശ്രയമായി ഡോക്ടർ മാറി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്കടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിലായിരുന്നു അദ്ദേഹം ആദ്യമായി രോഗീ പരിശോധന ആരംഭിച്ചത്. പിന്നീട് പഞ്ചവടിയിൽ സ്വന്തമായി സ്ഥലവും വീടും വാങ്ങി അവിടെ താമസമാക്കി. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനകം തന്നെ ഭാര്യ അസ്മയോടൊപ്പം അദ്ദേഹം പൂർണ്ണമായും എടക്കഴിയൂരുകാരനായി മാറി.

ആതുരസേവന രംഗത്ത് അരനൂറ്റാണ്ട്  തികയ്ക്കുന്ന ഡോക്ടർ അസീസ് എടുത്ത പ്രസവങ്ങൾക്കും നടത്തിയ സുന്നത്ത് കല്യാണങ്ങൾക്കും (മാർക്കം കഴിക്കൽ) കണക്കില്ല. അക്കാലത്ത് വീടുകളിലെ പ്രസവം സാധാരണയായിരുന്നു. കനോലി കനാലിനപ്പുറമുള്ള അവിയൂർ ഗ്രാമത്തിൽ നിന്ന് അർദ്ധരാത്രിയിൽ ആരെങ്കിലും വിളിച്ചാൽ ഡോക്ടർക്ക് മുന്നിൽ പുഴയൊരു തടസ്സമായിരുന്നില്ല. ജീവനറ്റേക്കാവുന്ന ആതുരസ്ഥിതിയിൽ പുഴ നീന്തിക്കടന്നുപോലും അദ്ദേഹം രോഗികളുടെ അരികിലെത്തി.

ഡോക്ടറെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നവർക്ക് കൂടെയെത്താൻ പറ്റാത്തത്ര വേഗത്തിലായിരുന്നു അന്ന് അസീസ് ഡോക്ടറുടെ നടത്തമെന്ന് പഴയകാല നാട്ടുകാർ ഇന്നും  ഓർത്തെടുക്കുന്നു.

നാട്ടുകാർക്ക് ഡോക്ടർ അസീസ് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്. ആ സ്നേഹത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന രണ്ടു സംഭവങ്ങൾ. രണ്ടു വർഷം മുൻപ് ഡോക്ടർ മരിച്ചതായി ഒരു വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വിവരമറിഞ്ഞ് ഞെട്ടിയ നാട്ടുകാർ അലമുറയിട്ടുകൊണ്ടാണ് ഡോക്ടറുടെ വീട്ടിലേക്ക് ഓടിയെത്തിയത്. എന്നാൽ തങ്ങളെ സ്വീകരിക്കാൻ ഉമ്മറത്ത് ജീവനോടെ നിൽക്കുന്ന ഡോക്ടറെ കണ്ടപ്പോഴാണ് അവർക്ക് ശ്വാസം നേരെ വീണത്. മാസങ്ങൾക്കു മുൻപ് അദ്ദേഹം ഹൃദയ സംബന്ധമായ അസുഖം മൂലം അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ആ സന്ദർഭത്തിൽ എടക്കഴിയൂരിലെ ആരാധനാലയങ്ങളിൽ അദ്ദേഹത്തിന് വേണ്ടി പ്രാർഥനകൾ നടന്നു. നാട്ടുകാർക്ക് തന്നോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് നേരിട്ടറിഞ്ഞ വൈകാരികമായ നിമിഷങ്ങളായിരുന്നു അതെന്ന് ഡോക്ടർ പറഞ്ഞു.

അരനൂറ്റാണ്ടിനിപ്പുറവും ഡോക്ടർ അസീസ് തന്റെ മൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇന്നും അദ്ദേഹം വരുന്ന രോഗികളോട് ഫീസ് ചോദിച്ചു വാങ്ങാറില്ല. രോഗികൾ സന്തോഷത്തോടെ നൽകുന്നത് എന്താണോ, അത് അദ്ദേഹം പുഞ്ചിരിയോടെ സ്വീകരിക്കുന്നു.

പുതിയ തലമുറയിലെ ഡോക്ടർമാർക്ക് അദ്ദേഹത്തിന് നൽകാനുള്ള ഉപദേശവും ഇതുതന്നെയാണ്. “നമ്മുടെ അടുത്തെത്തുന്ന രോഗികളെ ഒരിക്കലും ഒരു ‘ഇരയായി’ കാണരുത്.”

ഡോക്ടറുടെ രണ്ടു മക്കളിൽ മൂത്തയാൾ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം എറണാകുളം കേന്ദ്രീകരിച്ച് ബിസിനസ്സ് നടത്തുന്നു. രണ്ടാമത്തെ മകൻ പിതാവിന്റെ വഴിയിലൂടെ സഞ്ചരിച്ച് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ജനറൽ സർജനായി സേവനമനുഷ്ഠിക്കുന്നു.

പണത്തിനപ്പുറം മനുഷ്യത്വത്തിനും സേവനത്തിനും വിലകൽപ്പിച്ച ഡോക്ടർ അബ്ദുൽ അസീസിന്റെ അൻസാരിയ ക്ളീനിക്കിൽ ഇപ്പോഴും സന്ദർശകർക്ക് കുറവില്ല.

Comments are closed.