mehandi banner desktop

മോഷ്ടിച്ച സ്വർണം തിരികെ വാതിൽ പടിയിൽ വെച്ച് കള്ളൻ; ഒപ്പം മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തും

fairy tale

ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണം കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.​​ചൊവ്വാഴ്ച രാവിലെ ഡോക്ടറുടെ വീടിന് മുന്നിൽ ഒരു പൊതി കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ രീതിയിൽ കണ്ട പൊതി വീട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ അത് കാണാതായ ആഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞു. കവർച്ച ചെയ്യപ്പെട്ട ആഭരണങ്ങളിൽ ഏകദേശം 90 ശതമാനവും തിരികെ ലഭിച്ചിട്ടുണ്ട്. ഒരു മാലയും ഒരു ജോഡി കമ്മലും ഒഴികെ ബാക്കിയുള്ള സ്വർണ്ണമെല്ലാം പൊതിയിലുണ്ടായിരുന്നു.​​ആഭരണങ്ങൾക്കൊപ്പം വെള്ളക്കടലാസിൽ എഴുതിയ ഒരു കത്തും പോലീസ് കണ്ടെടുത്തിട്ടുണ്ട്. “രണ്ട് പവൻ വിറ്റുപോയി, ബാക്കി ആഭരണങ്ങൾ ഇതിലുണ്ട്. കേസ് പിൻവലിക്കണം, മാപ്പ് മാപ്പ് മാപ്പ്” എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. കൃത്യമായ മലയാളം ആയിരുന്നില്ലെങ്കിലും മോഷ്ടാവിന്റെ കുറ്റസമ്മതവും അപേക്ഷയും കത്തിൽ വ്യക്തമായിരുന്നു.​​മേയ് 8-ാം തീയതി രാത്രിയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ. അബൂബക്കറിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണം മോഷണം പോയത്. ഡോക്ടറുടെ ഭാര്യ ബുഷറയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഗുരുവായൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് മോഷ്ടാവ് സ്വർണം തിരികെ വച്ചത് എന്നു കരുതുന്നു. സി സി ടി വി യിൽ മോഷ്ടാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു.

planet fashion

Comments are closed.