തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂൾ ഹൈടെക് ആകുന്നു : ഒരു കോടി രൂപ അനുവദിച്ചു

ചാവക്കാട് : ഒമ്പത് പതിറ്റാണ്ടിലധികം പഴക്കം ചെന്ന തിരുവത്ര കുഞ്ചേരി ഗവൺമെന്റ് എൽപി സ്കൂള്‍ ഹൈടെക് ആകുന്നു. സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കില-കിഫ് ബി ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പുതിയ കെട്ടിടം വരുന്നതോടെ തന്നെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലപ്പെടുത്താനും കഴിയും. സ്കൂളിന്റെ ശോചനീയാവസ്ഥ മനസിലാക്കി എൻ കെ അക്ബർ എം എൽ എ മന്ത്രി തലത്തിൽ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

1928 നാണ് തിരുവത്ര ജിഎംഎൽ പി സ്കൂൾ സ്ഥാപിതമായത്. 150 ഓളം കുട്ടികളാണ് വിദ്യാലയത്തിലുള്ളത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂര അപകടാവസ്ഥയിലായിരുന്നു. ചുമരുകൾ വിണ്ടുകീറിയ നിലയിലുമായിരുന്നു. സ്കൂളിന്റെ അപകടാവസ്ഥ മനസിലാക്കി നഗരസഭ ഇടപെട്ട് അറ്റകുറ്റപണികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും പുതിയ കെട്ടിടമെന്നത് സ്കൂളിന്റെ അനിവാര്യമായ ആവശ്യമായിരുന്നു.
75 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സുനാമി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് 45 ഓളം കുട്ടികളടങ്ങുന്ന നഴ്സറി പ്രവർത്തിക്കുന്നത്. ഹെഡ്മിസ്ട്രസ് അടക്കം മൂന്ന് സ്ഥിര അധ്യാപകരും 2 ദിവസവേദന അധ്യാപകരുമാണ് വിദ്യാലയത്തിൽ ജോലി ചെയ്യുന്നത്.

Comments are closed.