അറബ് റീഡിങ് ചലഞ്ചിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ശഹൻഷാഹിന് യു.എ.ഇ ടീം ടോളറൻസിന്റെ ആദരം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ പത്താമത് അറബ് റീഡിങ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി ഇന്ത്യക്കും കേരളത്തിനും അഭിമാനമായ മുഹമ്മദ് ശഹൻഷാഹിനെ യു.എ.ഇ ടീം ടോളറൻസ് ആദരിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് മഅ്ദിൻ അക്കാദമി വിദ്യാർഥിയായ കൊടുവള്ളി സ്വദേശി ശഹൻഷാഹ് ഈ ചരിത്രനേട്ടം കൈവരിച്ചത്. 60 രാജ്യങ്ങളിൽ നിന്നായി നാല് കോടിയിലധികം വിദ്യാർഥികളാണ് ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്തത്.കരാമ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രങ്ങൾ യു.എ.ഇ ടീം ടോളറൻസ് ചെയർമാൻ സി. സാദിഖ് അലി ശഹൻഷാഹിന് സമ്മാനമായി നൽകി.മഹത്തായ ഈ വായനാ സംരംഭത്തിന് പ്രചോദനവും നിരന്തര പിന്തുണയും നൽകുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് യു.എ.ഇ ടീം ടോളറൻസ് പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ മുഹമ്മദ് റിഹാസ്, സാദിഖ് ചുള്ളൂർ, മുഹമ്മദ് സക്കീർ, വിപിൻ രവീധരൻ, സുൽഫിക്കർ അലി അബൂബക്കർ, ഷമീർ ചാലിൽ, ഷബീർ ടി.പി എന്നിവർ സംസാരിച്ചു.




Comments are closed.