ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിനും, ഇ. സന്ധ്യയ്ക്കും, ഷീജ വക്കത്തിനും
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ പ്രഥമ ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിന്റെ “ഹാദിയത് മസാനിയ”ക്കും, ഇ. സന്ധ്യയുടെ “വയലറ്റ്”നും, ഷീജ വക്കത്തിന്റെ “ശിഖണ്ഡിനിയ്ക്കും” ലഭിച്ചു. 200ൽ പരം എഴുത്തുകാരിൽ നിന്നാണ് കെ. എ. മോഹൻദാസ്, റഫീഖ് അഹമ്മദ്, മനോഹരൻ പേരകം എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതി കൃതികൾ തെരഞ്ഞെടുത്തത്. ഡിസംബർ 24ന് ഇരട്ടപ്പുഴയിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ ബഹു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്യും. സാഹിത്യപുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഓരോ കൃതിക്കും 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകുന്നതാണ്.
ദേവവ്രതൻ എന്ന പട്ടാളക്കാരന്റേയും ഹാദിയത് എന്ന രോഹിങ്ക്യൻ അഭയാർത്ഥിയുടേയും അസാധാരണമായ സംഘർഷം മുറ്റിയ ജീവിതമാണ് സി.വി. രാജീവിന്റെ “ഹാദിയത് മസാനിയ” എന്ന നോവലിൽ രാജീവ് അവതരിപ്പിക്കുന്നത്. ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്‍റെ കഥയാണിത്. ഹിമാലയ താഴ് വരകളും പട്ടാള ബാരക്കുകളിലെ ജീവിതവും ഈ നോവലിൽ വായിക്കാനാവും. രോഹിങ്ക്യൻ അഭയാർത്ഥികളായ കരാമത്ത് അലിയും നസീമയും മൈസയും അവരെ ഭരണകൂടം വേട്ടയാടുന്നതിന്റെ ദാരുണ ചിത്രവുമൊക്കെ നല്ല കൈയടക്കത്തിൽ അവതരിപ്പിക്കുന്നുണ്ട്. എവിടേയും തട്ടും തടവുമില്ലാതെ യാതൊരു പരീക്ഷണങ്ങൾക്കും മുതിരാതെ നേർ രേഖയിൽ ജീവിതം പറഞ്ഞുപോകുന്ന രീതി രാജീവിന്റെ നോവൽ ആകർഷകമായി തോന്നി.
സങ്കീർണവും വൈചിത്ര്യം നിറഞ്ഞതുമായ ജീവിതങ്ങളെ അനുതാപത്തോടെയും അനുകമ്പയോടെയും നോക്കിക്കാണുന്ന കഥകളാണ് ഇ. സന്ധ്യയുടെ “വയലറ്റ്” എന്ന കഥാസമാഹാരം. ആത്യന്തികമായി ശരിയും തെറ്റുമില്ലെന്നും നേരും നുണയുമില്ലെന്നും കഥകൾ ഓർമ്മപ്പെടുത്തുന്നു. ആഖ്യാനത്തിലെ ലാളിത്യംകൊണ്ടും പ്രമേയങ്ങളുടെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ് സന്ധ്യയുടെ കഥകളോരൊന്നും.
ഇതിഹാസത്തിൽ നിന്ന് സ്വീകരിച്ച ഒരു കഥാതന്തുവിനെ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് അഭിമുഖമാക്കി വികസിപ്പിച്ചെടുത്തതാണ് ഷീജ വക്കത്തിന്റെ “ശിഖണ്ഡിനി” എന്ന കവിതാസമാഹാരം. പുനരാഖ്യാനം എന്നതിനേക്കാൾ പുനർനിർമ്മിതി എന്നു വിശേഷിപ്പിക്കാവുന്ന കാവ്യമാണ് ഈ കൃതി. ഗൗരവവും കനവും ഏറെക്കുറഞ്ഞ് എളുപ്പമുള്ള ഒരു അലസ കർമ്മമായി കവിതയെഴുത്ത് പൊതുവെ മാറിക്കഴിഞ്ഞ ഇക്കാലത്ത് ഉചിതമായ ശിൽപ ക്ഷമതയോടെ, കയ്യടക്കത്തോടെ, ഭാഷാശുദ്ധിയോടെ രചിക്കപ്പെട്ടിരിക്കുന്ന ശിഖണ്ഡിനി എന്ന ഈ ദീർഘ കാവ്യം മികച്ച വായനാ സുഖം അരുളുന്നുണ്ടെന്നും പുരസ്‌കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ: നളിനാക്ഷൻ ഇരട്ടപ്പുഴ പ്രസിഡന്റ്, വലീദ് തെരുവത്ത് സെക്രട്ടറി, എം. എസ്. പ്രകാശൻ, പ്രസന്ന ചന്ദ്രൻ. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുശ്താഖലി.
Comments are closed.