ഗുരുവായൂരിൽ യു ഡി എഫ് സംവിധാനം തകരുന്നു ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും
ചാവക്കാട് : ഇന്ന് തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു. യു ഡി എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ലീഗിന് കാലങ്ങളായി ലഭിച്ചിരുന്ന രണ്ടു ഡയറക്ടർ സ്ഥാനം ഒന്നാക്കാനുള്ള തന്ത്രമാണ് തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്നാരോപിച്ചാണ് ലീഗ് ബഹിഷ്കരണം. ലീഗ് അംഗങ്ങളോട് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടതായി ലീഗ് വൃത്തങ്ങൾ വെളിപ്പെടുത്തി.
രണ്ടു ഡയറക്ടർമാരെ ഉൾപ്പെടുത്തിയ പാനൽ ലീഗ് നേതൃത്വത്തിനു കാണിക്കുകയും, തിരഞ്ഞെടുപ്പിൽ ഒരു ഡയറക്ടർ സ്ഥാനം മാത്രമുള്ള പാനലിലാണ് വോട്ടിംഗ് നടക്കുന്നതെന്നുമാണ് ലീഗ് ആരോപണം. കാലങ്ങളായി ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്കിലെ വൈസ് പ്രസിഡന്റ് നോമിനി മുസ്ലിം ലീഗ് പ്രതിനിധിയാണ്
പാര്‍ട്ടി പാനല്‍ പ്രഖ്യാപിക്കാതെ, തെരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ ജമാൽ താമരത്ത്, അബ്ദുനാസർ, മുഹമ്മദലി വി എം, വി എസ് നവനീത്, രാജൻ എൻ പി, കെ കെ വേദരാജ്, ബിന്ദു സുരേഷ്, രേഷ്മ എന്നിവർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതായി അറിയിച്ചു.
38 പേരുടെ നാമ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാർട്ടിതലത്തിലോ പ്രവർത്തകർക്കിടയിലോ ഇതുസംബന്ധമായി യാതൊരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞു. മണലൂർ മണ്ഡലത്തിൽ നിന്ന് കാലങ്ങളായി പ്രതിനിധികൾ ഉണ്ടായിരുന്നെങ്കിലും പുതിയ തിരഞ്ഞെടുപ്പിൽ മണലൂരിനെ പൂർണ്ണമായും തഴഞ്ഞിരുന്നു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ വി സത്താർ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
തിരുവത്ര സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിലും ലീഗിനെ തഴഞ്ഞതായി ആരോപണം ഉയർന്നിരുന്നു. രണ്ടു ഡയരക്ടർ സ്ഥാനം ഒന്നാവുകയും. വൈസ് പ്രസിഡന്റ് സ്ഥാനം തന്ത്രപൂർവ്വം നിഷേധിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. കോണ്ഗ്രസ്സിന്റെ ഇത്തരം നിലപാടുകളിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിപാടികളിൽ നിന്നും ലീഗ് വിട്ടു നിൽക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ ദിവസം നടന്ന യു ഡി എഫ് പദയാത്ര ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പിലെ ഇന്നത്തെ അനുഭവത്തോടെ യു ഡി എഫ് സംവിധാനം തന്നെ വിടണമെന്നാണ് അണികളുടെ ആവശ്യം.
Comments are closed.