mehandi new

വില്ലൻ ഈർപ്പം ; ചാവക്കാട് മേഖലയിൽ താപ നില 44° – അകത്തിരുന്നാലും രക്ഷയില്ല വീടകങ്ങളിലെ ഈർപ്പം അപകടകരമായ നിലയിൽ 60% ന് മുകളിൽ

fairy tale

ചാവക്കാട് : തീരമേഖലയായ ചാവക്കാട് ചുട്ട് പുകയുന്നു. അന്തരീക്ഷ താപനില 39° താപ സൂചിക 44°. കേരളത്തിൽ കൂടിയ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് 40°. കൊല്ലം, കോഴിക്കോട്, തൃശൂർ 39° രേഖപ്പെടുത്തി രണ്ടാം സ്ഥാനം. കൂടിയ അന്തരീക്ഷ ഈർപ്പമുള്ള തീരമേഖലയിൽ ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് (ഫീൽ ടെംപറേച്ചർ) 44°. താരതമ്യേന കുറഞ്ഞ അന്തരീക്ഷ താപനില ഉണ്ടായാൽ പോലും ഈർപ്പത്തിന്റെ അംശം കൂടുതലാണെങ്കിൽ അനുഭവിക്കുന്ന ചൂട് യഥാർഥത്തിലുള്ളതിനേക്കാൾ വളരെ കൂടിയിരിക്കും.  കടലും ജലാശയങ്ങളും മൂലം ബാഷ്പീകരണം നന്നായി നടക്കുന്നതാണ് ഈർപ്പ സാന്നിധ്യം കൂടാൻ കാരണം. 65 ശതമാനത്തിന് മുകളിൽ അന്തരീക്ഷത്തിൽ ഈർപ്പ സാന്നിധ്യമുണ്ട്. ഇതാണ് പുഴുക്ക് വല്ലാതെ വർധിപ്പിക്കുന്നത്.

ഇൻഡോർ ഹ്യൂമിഡിറ്റി (വീടകങ്ങളിലെ ഈർപ്പം ) അപകടകരമായ വിധം ഉയർന്നു 60% മുകളിലാണ് എത്തിനിൽക്കുന്നത്. ഉയർന്ന ചൂടും ഈർപ്പവും കൂടിച്ചേരുന്നത്  അപ്രതീക്ഷിതമായ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം,  അസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും വർധിപ്പിക്കും. ഈർപ്പം കൂടിയ സാഹചര്യത്തിൽ  ശരീരത്തിന് ചൂട് ശരിയായി പുറന്തള്ളാൻ കഴിയാത്തതിനാൽ  അമിതമായി ചൂട് അനുഭവിക്കുന്ന അവസ്ഥയുണ്ടാകും.  ഉയർന്ന ഈർപ്പം ഉയർന്ന ചൂടിനേക്കാൾ അപകടകരമാകുന്നത് ഇതുകൊണ്ടാണ്. 

മയക്കം, ക്ഷീണം, അലർജി രോഗങ്ങൾ, ചർമ്മ രോഗങ്ങൾ ഛർദി, ഉറക്കമില്ലായ്മ, ഹീറ്റ് സ്ട്രോക്ക്, മസ്തിഷ്ക തകരാറുകൾ മുതൽ വിഷാദം, ആത്മഹത്യ പ്രവണത വരെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉയർന്ന ഈർപ്പം മൂലം പല തരത്തിൽ ശരീരത്തെ ബാധിക്കും. 

താപനിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 7° വർദ്ദനയാണ് സംഭവിച്ചിട്ടുള്ളത്. ഇന്നും നാളെയും ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

സൂര്യ പ്രകാശം കൊള്ളരുതെന്നു കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ നിർദേശമുണ്ട്.

കുട്ടികളെ വെയിലത്തു കളിക്കാൻ വിടരുത്. 

പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കുടയും പാദരക്ഷകളും ഉപയോഗിക്കുക. കുട്ടികളുമായുള്ള യാത്രകൾ ഒഴിവാക്കുക.

ചപ്പുചവറുകൾ കത്തിക്കരുത്.

ദേശീയപാത വികസനപ്രവർത്തനങ്ങളുടെ ഭാഗമായി റോഡിനിരുവശത്തെയും മരങ്ങളും കെട്ടിടങ്ങളും നീക്കം ചെയ്തതോടെ ദേശീയപാത 66ൽ വെയിലിന്റെ കാഠിന്യം പതിൻമടങ്ങായി വർദ്ധിച്ചിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സൂര്യതാപം ഏൽക്കാതിരിക്കാനും നിർജ്ജലീകരണവും പ്രത്യേകം ശ്രദ്ധിക്കണം

ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. 

planet fashion

Comments are closed.