അവിയൂർ സ്‌കൂൾ അദ്ധ്യാപകൻ സോമൻ ചെമ്പ്രേത്തിന് വി കെ എൻ അധ്യാപക സാഹിതി അവാർഡ്

പുന്നയൂർ : ചാവക്കാട് വിദ്യാരംഗം കലാ സാഹിത്യ വേദി കോർഡിനേറ്ററും അവിയൂർ എ എം യു പി സ്‌കൂൾ അധ്യാപകനുമായ സോമൻ ചെമ്പ്രേത്തിന്റെ മനോരോഗികളുടെ കോളനി എന്ന നോവലിനു വി കെ എൻ അധ്യാപക സാഹിതി അവാർഡ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം 50 എന്ന സംഘടനയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കാര്യവട്ടം ശ്രീകണ്ഠൻ നായർ ചെയർമാനായ ജൂറി കേരളത്തിലെ അധ്യാപകരിൽ നിന്നും ലഭിച്ച 138 എൻട്രികളിൽ നിന്ന് മികച്ച 7കവിതാ സമാഹാരങ്ങൾ, 7 കഥകൾ, 4 നോവലുകൾ എന്നിവ അവാർഡിനായി തെരഞ്ഞെടുത്തു. എസ്. കമറുദ്ദീന്റെ
പറക്കാൻ കൊതിക്കുന്ന പക്ഷികൾ (ബാലസാഹിത്യം ), കുന്നത്തൂർ ശിവരാജന്റെ നിലാവു പോലെ (നോവൽ) ഡോ: അനിൽകുമാറിന്റെ കഥാ സമാഹാരം, മൈത്രേയിയുടെ ഓരോ മഴയിലും (കവിത) എന്നിവയാണ് അവാർഡിന് അർഹമായ കൃതികളിൽ ചിലത്.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയാണ് സോമൻ ചെമ്പ്രേത്ത്. സി വി ശ്രീരാമൻ സ്മാരക കഥാപുരസ്കാരം, യുവ കലാ സാഹിതി സംസ്ഥാന കഥാപുരസ്കാരം, അധ്യാപകർക്കുള്ള വിദ്യാരംഗം സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുലക്കരം, മനോരോഗികളുടെ കോളനി, ദെജ്ജാല്, ഉടൽ വിരുന്ന് തുടങ്ങി അഞ്ച് കഥാസമാഹാരങ്ങളും ഫൂളിഷ് ഗെയിം എന്ന നാടക സമാഹാരവും ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫ്രീഡം 50, തിരുവനന്തപുരത്ത് ഗാന്ധി ജയന്തി ദിനത്തി സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. മുൻ എംപി പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി അവാർഡ് വിതരണം ചെയ്യും.

Comments are closed.