കടപ്പുറത്ത് വി എം മനാഫ് പ്രസിഡണ്ടായേക്കും

കടപ്പുറം : 61 വർഷം പൂർത്തിയാക്കിയ കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ അടുത്ത പ്രസിഡണ്ടായി മുസ്‌ലിം ലീഗിലെ വി എം മനാഫ് ചുമതലയേറ്റേക്കും. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് എന്നീ ചുമതലകൾ മനാഫ് വഹിച്ചിട്ടുണ്ട്. നിലവിൽ ഗുരുവായൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗു ഭാരവാഹിയാണ്. യുവാക്കൾക്ക് മുഖ്യ പരിഗണന നൽകുന്ന പതിവ് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കുണ്ട്. 61 വർഷവും തുടർച്ചയായി യുഡിഎഫ് ഭരണ സമിതിയാണ് കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത്.

സീനിയർ നേതാവായി വി എം ഉമ്മർ ഹാജിയും മികച്ച ഭൂരിപക്ഷത്തോടെ കൂടി വിജയിച്ച പി എ അസ്കർ അലിയും പരിഗണനയിലുള്ള പ്രതിനിധികളാണ്. പ്രസിഡണ്ട് സ്ഥാനം ഭാഗിക്കുന്ന പതിവ് ഈ ഗ്രാമ പഞ്ചായത്തിൽ ഉണ്ട്. അങ്ങനെയാണെങ്കിൽ മറ്റു രണ്ടു പേരെയും ആ സന്ദർഭങ്ങളിൽ പരിഗണിച്ചേക്കാം. ആകെയുള്ള 18 സീറ്റിൽ 10 സീറ്റുകൾ മുസ്ലിം ലീഗിന് ലഭിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തിന് കോൺഗ്രസിലെ സെക്കീന ബഷീറിന് സാധ്യതയുണ്ട്. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ വിജയിച്ച രണ്ട് സീറ്റിൽ അടിതിരുത്തി വാർഡിൽ നിന്നുള്ള സെക്കീന ബഷീർ മാത്രമാണ് വനിത അംഗം.
കടപ്പുറം പഞ്ചായത്തിൽ ഇത്തവണ രണ്ട് വാർഡുകൾ വർധിച്ചപ്പോൾ മുസ്‌ലിം ലീഗും കോൺഗ്രസ്സും ഓരോ സീറ്റ് അധികം നേടി. സിപിഎം, ബിജെപി കക്ഷികൾ നിലവിലുള്ള സിറ്റുകളുടെ എണ്ണം നിലനിർത്തി.
നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. മെമ്പർമാരിൽ പ്രായം കൂടിയ വി എം ഉമ്മർ ഹാജി ആദ്യം സത്യപ്രതിജ്ഞ ചെല്ലുകയും മറ്റു മെമ്പർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യും. കടപ്പുറം പഞ്ചായത്തിലെ കക്ഷി നില. ആകെ സീറ്റ് 18. മുസ്‌ലിം ലീഗ് 10, സിപിഎം 4, കോൺഗ്രസ് 2, ബിജെപി 2.

Comments are closed.