Header

തോരാമഴ – വെള്ളക്കെട്ടുയര്‍ന്നു താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ദുരിതത്തില്‍

പുന്നയൂര്‍: ഇടതടവില്ലാതെ പെയ്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നത് നിരവധി വീട്ടുകാരെ ദുരിതത്തിലാക്കുന്നു.
പുന്നയൂര്‍ പഞ്ചായത്തിലെ എടക്കര, കുഴിങ്ങര, വെട്ടിപ്പുഴ മേഖലകളിലാണ് ജനജീവിതം ദുസ്സഹമാക്കും വിധം വെള്ളക്കെട്ടുയര്‍ന്നത്. കുട്ടാടന്‍ പാടശേഖരത്തിന്‍്റെ പടിഞ്ഞാറന്‍ ഭാഗത്താണ് ചൊവ്വാഴ്ച്ച രാവിലെ മുതല്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്തമഴയില്‍ വെള്ളക്കെട്ടുയര്‍ന്നത്. മേഖലയില്‍ ഉയര്‍ന്ന വെള്ളം ഒഴുകി പോകാനിടമില്ലാത്തതാണ് പരിസരവാസികള്‍ക്ക് ദുരിതമായത്. വെട്ടിപ്പുഴ ആലിനു കിഴക്കു ഭാഗം മാത്രം 20 വീടുകളാണ് വെള്ളക്കെട്ടിലായത്. പാടത്തിനോട് ചേര്‍ന്ന കര ഭാഗം പട്ടികജാതിക്കാരുള്‍പ്പടെ ദരിദ്ര കുടുംബങ്ങള്‍ കുറഞ്ഞ കാശിനു ഭൂമി വാങ്ങി നികത്തി ഉയര്‍ത്തിയ സ്ഥലങ്ങളിലാണ് വീടുകള്‍ വെച്ചിട്ടുള്ളത്. ഈ ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ പാടമുള്‍പ്പടെ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതാണ് വെള്ളം ഉയരാനും ഒഴുകിപ്പോകനിടമില്ലാതാക്കിയതും. വെള്ളക്കെട്ടുയര്‍ന്ന് കക്കൂസ് ടാങ്കുകളുമായി കലര്‍ന്നത് പകര്‍ച്ച വ്യധികള്‍ക്ക് കാരമണമാകുമെന്ന ആശങ്കയുമുണ്ട്. വെള്ളക്കെട്ടുയര്‍ന്ന പ്രദേശം പഞ്ചായത്തംഗം സുധീര്‍, സി.പി.എം പുന്നയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി സുരേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. മേഖലയില്‍ അമ്പതിലേറെ വീടുകള്‍ വെള്ളക്കെട്ടിലായതായി ഇരുവരും പറഞ്ഞു.

Comments are closed.