നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ ശോചനീയാവസ്ഥ – എൻ കെ അക്ബർ എം എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ അടിയന്തിര നടപടികൾക്ക് തീരുമാനമായി
ചാവക്കാട് : നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ എൻ കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു.
നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചാവക്കാട്, കടപ്പുറം, ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍ മേഖലയില്‍ ആഴ്ചകളോളം കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ യോഗത്തില്‍ അറിയിച്ചു. കൂടാതെ നാഷണല്‍ ഹൈവേ നിര്‍മ്മിക്കുന്ന കാനയില്‍ നിന്നും വെള്ളം ഒഴുകിപോകാത്ത സാഹചര്യമുള്ളതിനാല്‍ വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടാകുന്നുവെന്നും ആയതിന് ശാശ്വത പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കനോലികനാലില്‍ നിര്‍മ്മാണത്തിന്‍റെ ഭാഗമായി ബണ്ട് നിര്‍മ്മിക്കുകയും എന്നാല്‍ മണ്‍സൂണിന് മുമ്പ് ആയത് നീക്കാത്തതിനാല്‍ കനാല്‍ നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടായെന്നും എം.എല്‍.എയുടെയും ചെയര്‍മാന്‍റേയും നേതൃത്വത്തില്‍ ബണ്ട് പൊളിച്ചതിന് ശേഷമാണ് വെള്ളക്കെട്ടിന് കുറവുണ്ടായതെന്നും നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നും എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. പുഴയിലെ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്ത് ജലത്തിന്‍റെ ഒഴുക്ക് സാധാരണ നിലയിലേക്ക് ആക്കുന്നതിന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കടപ്പുറം, ചാവക്കാട് നഗരസഭ പ്രദേശങ്ങളില്‍ താമസിക്കുന്ന നാഷണല്‍ ഹൈവേ നിര്‍മ്മാണം മൂലം ഒറ്റപ്പെട്ടുപോയ 8 കുടുംബങ്ങള്‍ക്ക് റാമ്പ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ഹൈവേയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വെള്ളി, തിങ്കള്‍ ദിവസങ്ങളിലായി പുന്നയൂര്‍ക്കുളം, പുന്നയൂര്‍, ചാവക്കാട്, ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍ പ്രദേശങ്ങള്‍ നാഷണല്‍ ഹൈവേ, പൊതുമരാമത്ത്, പഞ്ചായത്ത് എന്നിവയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് തീരുമാനമായി. നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കുടിവെള്ള പൈപ്പ് ലൈനുകള്‍ പൊട്ടുന്ന സാഹചര്യത്തില്‍ കുടിവെള്ള വിതരണത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കരാര്‍ കമ്പനിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊട്ടുന്ന കുടിവെള്ള പൈപ്പുകള്‍ അറ്റകുറ്റപണി നടത്തുന്നതില്‍ കരാര്‍ കമ്പനി വീഴ്ച വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി കളക്ടറോട് എം.എല്‍.എ ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂരിലെ പടന്ന ഭാഗത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നാളെ മുതള്‍ പുതിയ പൈപ്പ് ലൈന്‍ വലിക്കുന്ന നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള റോഡായതിനൽ പൊതുമരാമത്ത് വകുപ്പിന് കാന നിര്‍മ്മിക്കുന്നതിന് സാധിക്കാത്ത സാഹചര്യമാണ് എന്ന് അറിയിച്ചതിനാല്‍ ഈ പ്രദേശത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കാന നാഷണല്‍ ഹൈവേ അതോറിറ്റി തന്നെ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പ്രൊജക്ട് ഡയറക്ടറോട് ആവശ്യപ്പെടുന്നതിന് യോഗത്തില്‍ തീരുമാനമായി.
പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എച്ച് ഡപ്യൂട്ടി കളക്ടര്‍ വിഭൂഷണന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജാസ്മിന്‍ ഷഹിര്‍, വിജിത സന്തോഷ്, ടി.വി സുരേന്ദ്രേന്‍, സാലിഹ ഷൌക്കത്തലി, നഗരസഭയിലെയും പഞ്ചായത്തിലെയും സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍മാര്‍, സ്പെഷല്‍ എല്‍.എ തഹസിൽദാർ ചാവക്കാട് താലൂക്ക് എന്നിവയിലെ തഹസില്‍ദാര്‍, കെ.എസ്.ഇ.ബി അസി.എക്സി. എഞ്ചിനീയര്‍, നാഷണല്‍ ഹൈവേ ലെയ്സണ്‍ ഓഫീസര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്ട് ഡയറക്ടര്‍ യോഗത്തില് പങ്കെടുക്കാത്തതില്‍ എം.എല്‍.എ അതൃപ്തി അറിയിക്കുകയും ജില്ലാ കളക്ടറോട് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
Comments are closed.