Header

ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ആനക്കോട്ട എന്നിവ കേന്ദ്രീകരിച്ച്‌ വാട്ടർ ടൂറിസം വരുന്നു

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു.
ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ഗുരുവായൂർ ദേവസ്വം ആനക്കോട്ട, എന്നിവ സന്ദർശിച്ച മന്ത്രി ടൂറിസത്തിന് അനുയോജ്യമായ സാഹചര്യങ്ങളും അഭിപ്രായങ്ങളും വിശദമായി വിലയിരുത്തി.

ചേറ്റുവ കോട്ട നിലവിൽ പുരാവസ്തു വകുപ്പിന്റെ കീഴിലാണ്, ആ വകുപ്പുമായി കൂടിയാലോചിച്ചു കൊണ്ട് കോട്ടയും അനുബന്ധ പ്രദേശങ്ങളും ഉൾപ്പെടുത്തി മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ആനകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു വനം വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, ദേവസ്വം വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി കൂടിയാലോചിച്ചു സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

വാട്ടർ ടൂറിസത്തിന് വളരെയേറെ അനുയോജ്യമായ പ്രദേശമാണെന്നും, വളരെ വേഗത്തിൽ തന്നെ ഇതുമായി ബന്ധപെട്ടു പദ്ധതികൾ രൂപീകരിക്കാൻ ഒരു ടീമിനെ നിശ്ചയിക്കുമെന്നും ചക്കംകണ്ടം കായൽ സന്ദർശിച്ചു കൊണ്ട് മന്ത്രി അറിയിച്ചു.

ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ, മണലൂർ എം എൽ എ മുരളി പെരുന്നല്ലി, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മുൻ എം എൽ എ പി. ടി. കുഞ്ഞിമുഹമ്മദ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ. ബി. മോഹൻദാസ്, എങ്ങണ്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീല സോമൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക്, ഹാരിസ് ബാബു, സി. സുമേഷ്, വസന്ത, രാജേഷ്, പി. എസ്. അശോകൻ, കെ.ആർ. സൂരജ്, കെ. പി. വിനോദ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

thahani steels

Comments are closed.