mehandi banner desktop

ലോകകപ്പ് ഫുട്ബോൾ പ്രദർശനം: ഗുരുവായൂർ ടൗൺ ഹാൾ വിട്ടുനൽകരുതെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ

fairy tale

ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം സൗജന്യമായി പ്രദർശിപ്പിക്കുന്നതിന് ഗുരുവായൂർ നഗരസഭ ടൗൺ ഹാൾ വിട്ടുനൽകരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂർ ജോയിന്റ് ഡയറക്ടർ എസ്. ശ്യാമളലക്ഷ്മി നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജി.എസ്.എ (GSA) എന്ന സംഘടനയ്ക്ക് പ്രദർശനത്തിനായി ഹാൾ സൗജന്യമായി നൽകാനുള്ള നഗരസഭ കൗൺസിലിന്റെ നീക്കത്തിനെതിരെയാണ് വകുപ്പിന്റെ അടിയന്തര ഇടപെടൽ.കൗൺസിൽ തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇത് റദ്ദാക്കുന്നതിനായി കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 57 പ്രകാരം സർക്കാരിലേക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും ജോയിന്റ് ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കുന്നു.ഇന്ത്യയിൽ വേൾഡ് കപ്പ് ഫുട്ബോൾ പ്രദർശിപ്പിക്കുന്നതിന് സംപ്രേക്ഷണ അവകാശം ലഭിച്ചിട്ടുള്ള ചാനലിന്റെ മുൻകൂർ അനുമതിയില്ലാതെ പൊതുജനങ്ങൾക്ക് തത്സമയ പ്രദർശനം നടത്തുന്നത് 1957-ലെ കോപ്പിറൈറ്റ് ആക്ടിന്റെ ലംഘനമാണ്. ഇത് നഗരസഭയ്ക്ക് ഗുരുതരമായ നിയമപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കും, നഗരസഭ സെക്രട്ടറിയുടെ വിയോജനം മറികടന്ന് ഹാൾ സൗജന്യമായി വിട്ടുനൽകുന്നത് നഗരസഭയ്ക്കും സർക്കാരിനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും, ലോകകപ്പ് കാണാൻ വൻതോതിൽ ആളുകൾ ഒത്തുകൂടുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇതിനാവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കുന്നതും, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുടെ അനുമതി ലഭ്യമാക്കുന്നതും പ്രായോഗികമല്ല എന്നീ കാരണങ്ങളും ലോക കപ്പ് പ്രദർശനാനുമതി നിഷേധിക്കാൻ കാരണമായി പറയുന്നു.സർക്കാരിന്റെ അന്തിമ അനുമതി ലഭ്യമാകാതെ ഫുട്ബോൾ പ്രദർശനത്തിനായി ബന്ധപ്പെട്ട സംഘടനയ്ക്കോ മറ്റ് വ്യക്തികൾക്കോ നിലവിലെ സാഹചര്യത്തിൽ ടൗൺ ഹാൾ തുറന്നു നൽകേണ്ടതില്ലെന്ന് ജോയിന്റ് ഡയറക്ടർ ഉത്തരവിട്ടു. ടൗൺ ഹാൾ തുറന്നു നൽകുന്നില്ലെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. ക്രമസമാധാന പാലനത്തിന് ആവശ്യമാണെങ്കിൽ പോലീസിന്റെ സേവനം ലഭ്യമാക്കാൻ നഗരസഭ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ നഗരസഭ ചെയ്യർപേഴ്സന്റെ തീരുമാനത്തിനെതിരെയാണ് തദ്ദേശ വകുപ്പിന്റെ കർശന നടപടി.

planet fashion

Comments are closed.