ചാവക്കാട്: ദേശീയ പാതയിലെ കുഴികള്‍ വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നവെന്ന പരാതി നിരന്തരമുയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.
ദേശീയ പാത 17യില്‍ മുല്ലത്തറ, മണത്തല, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര, എടക്കഴിയൂര്‍, അകലാട് ഒറ്റയിനി വരെയുള്ള വിവിധ ഭാഗങ്ങളില്‍ വാഹനാപകടമുണ്ടാക്കും വിധം വലിയകുഴികളാണുള്ളത്. മാസങ്ങളായി ഇവ രൂപപ്പെട്ടിട്ട്. ഇത് സംബന്ധിച്ച് നിരന്തരം പരാതികളുയര്‍ന്നിട്ടും അധികൃതര്‍ ഉറക്കത്തിലാണ്.
കുഴികള്‍ അപകടകാരികളായതോടെ ബ്ളോക്ക് പഞ്ചായത്ത് പരിസരത്തെ ആലിനു താഴെയുള്ള ഭാഗത്ത് നാട്ടുകാര്‍ തന്നെ ചെമ്മണ്ണും മെറ്റലുമൊക്കെയിട്ട് താല്‍ക്കാലികമായി നികത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് ഇവിടെ രൂപപ്പെട്ട കുഴിയില്‍ ഓട്ടോ ചാടിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരിന്നു. എടക്കഴിയൂര്‍ തെക്കെ മദ്രസ പരിസരത്ത് റോഡിലെ കുഴികളില്‍ വീണ് അപകടം പതിവായിരിക്കുകയാണ്. റോഡില്‍ പെട്ടെന്ന് കാണുന്ന കുഴികളില്‍ ചാടാതിരിക്കാന്‍്വാഹനം വെട്ടീച്ചു മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അപടമുണ്ടാകുന്നത്. ഈ ഭാഗത്ത് നിന്നു നൂറുമീറ്റര്‍ അകലെ എടക്കഴിയൂര്‍ പള്ളിക്ക് സമീപവും സമാന രീതിയില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. റോഡിന്റെ മധ്യഭാഗത്തോട് ചേര്‍ന്നാണ് രണ്ട് സ്ഥലങ്ങളിലും റോഡു പോളിഞ്ഞിട്ടുള്ളത്. തെക്കെ മദ്രസ പരിസരത്തുള്ള റോഡിലെ ഗട്ടര്‍ സമീപത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികള്‍ക്കും ദുരിതമായിട്ടുണ്ട്. തകര്‍ന്നു കിടക്കുന്ന റോഡില്‍ നിന്ന് ഇളകിയ കല്‍ക്കഷണങ്ങള്‍ മറ്റു വാഹനങ്ങളുടെ ചക്രത്തില്‍ തട്ടി തെറിക്കുന്നത് ഇവരുടെ നേര്‍ക്കാണ്. അകലാട് ഒറ്റയിനി പെട്രോള്‍ പമ്പ് പരിസരത്ത് വലിയ വീതിയിലാണ് റോഡ് തകര്‍ന്നിട്ടുള്ളത്. ഇവിടെയും അപകടങ്ങള്‍ പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍ പെടുന്നത്.