പ്ലസ്ടുവില്‍ 1200 ൽ 1200 – പുന്നയൂർക്കുളത്തിന്റെ അഭിമാനമായി മുഹമ്മദ് മുർസിൽ

പുന്നയൂർക്കുളം: ഡി എച്ച് എസ് ഇ കേരള പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാര്‍ക്കും നേടി പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് മുർസിൽ. കുടുംബ സമേതം അബൂദബിയിൽ കഴിയുന്ന പെരിയാട്ടയിൽ മൊയ്തുണ്ണിക്കുട്ടി സാഹിറ ദമ്പതികളുടെ മകനായ മുർസിൽ അബൂദബി മോഡൽ പ്രൈവറ്റ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർഥിയാണ്.

ഇംഗ്ലീഷ്, മലയാളം, ഫിസികിസ്, കെമിസ്ട്രി, ബയോളജി, മാത്ത മാറ്റിക്സ് വിഷയങ്ങളിലെല്ലാം നൂറുമേനി കൊയ്യാൻ മുർസിലിനായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എല്ലാ വിഷയങ്ങളും കഠിനമായിരുന്നുവെന്ന് വ്യക്തമാക്കിയ മുർസിൽ മലയാളത്തിനും ഇംഗ്ലീഷിനുമാണ് മുഴുവൻ മാർക്കും കിട്ടുമെന്ന് കരുതിയിരുന്നതെന്നും കൂട്ടിച്ചേ ർത്തു.
പഠനത്തിൽ വീട്ടി ൽനിന്ന് ഒരുവിധ സമ്മർദവുമുണ്ടായിരുന്നില്ലെന്നും തന്റേതായ രീതിയിലായിരുന്നു പഠനമെന്നും മുർസിൽ പറഞ്ഞു. പരീക്ഷാക്കാലത്ത് പുലർച്ചെ നാല് മണിക്കെഴുന്നേറ്റ് പഠിക്കും.അല്ലാത്ത സമയങ്ങളിൽ രാവിലെ ഏഴിനാണ് എഴുന്നേറ്റിരുന്നത്. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 5.30 വരെയാണ് സ്കൂളിലെ പഠനസമയം എന്നതിനാൽ രാവിലെ ധാരാളം ഒഴിവുസമയങ്ങൾ ലഭിച്ചിരുന്നു. സ്കൂളിൽനിന്നു നൽകിയ എല്ലാ നോട്ടുകളും ആവർത്തിച്ചു നോക്കുകയും ചില യൂട്യൂബ് ചാനലുകൾ നോക്കി പഠിക്കുകയുംചെയ്തു. മുൻ ചോദ്യപേപ്പറുകളും പരിശീലിക്കുകയുണ്ടായി. ഇതിനു പുറമെ സ്കൂളിൽ റിവിഷൻ ടെസ്റ്റുകളും ധാരാ ളമായി നടത്തിയിരുന്നു. ഇതെല്ലാം നൂറുമേനി മാർക്ക് നേടാൻ തന്നെ സഹായിച്ചുവെന്നു മുർസിൽ കൂട്ടിച്ചേർത്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയായിരുന്നു പത്താം ക്ലാസ് കടമ്പയും മുർസിൽ കടന്നത്.
നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പിലാണ് മുർസിൽ ഇപ്പോൾ. എം.ബി.ബി.എസ് നേടിയശേഷം സേവനത്തിനായി അബൂദബിയിലേക്ക് തിരിച്ചു പോകുന്നും മുഹമ്മദ് മുർസിൽ നിശ്ചയദാർഢ്യത്തോടെ പറയുന്നു. ഫുട്ബോൾ പ്രേമിയായ മുഹമ്മദ് മുർസിൽ സ്കൂൾ ടീം അംഗവും കൂടിയാണ്. ലയണൽ മെസ്സിയാണ് വിദ്യാർഥിയുടെ ഇഷ്ടതാരം.

Comments are closed.