mehandi new

പാലിയേറ്റീവ് കെയറിനായി ചാവക്കാട് മൂന്നു കോടി ചിലവിൽ മൂന്നു നില അൾട്രാ മോഡൽ കെട്ടിടം ഉയരുന്നു – ശിലാസ്ഥാപനം നാളെ

fairy tale

ഒരുമനയൂർ : ആൽഫ പാലിയേറ്റിവിന്റെ വളർച്ചയുടെ ഭാഗമായി ചാവക്കാട് ഒരുമനയൂരിൽ മൂന്നു കോടി ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെ അൾട്രാ മോഡൽ കെട്ടിടം ഉയരുന്നു. പാലിയേറ്റീവ് സേവനങ്ങൾക്കായി ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഒരുമനയൂർ ഒറ്റത്തെങ്ങിൽ പണിയുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ശനിയാഴ്ച്ച വൈകീട്ട് 05.30ന് കൂട്ടുങ്ങൽ ചത്വരത്തിൽ വിദ്യാഭ്യാസം, സാമൂഹ്യ നീതി ക്ഷേമ മന്ത്രി ആർ ബിന്ദു നിർവഹിക്കുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

planet fashion

ഹോം കെയർ, ഹോസ്പിസ് കെയർ (ജീവിതാവസാന പരിചരണം ), ഫിസിയോ തെറാപ്പി, ഓൾഡ് ഏജ് ഹോം, കൗൺസിലിംഗ്, ലേണിംഗ് ഡിസബിലിറ്റി, സ്പീച്ച് തെറാപ്പി, സീനിയർ സിറ്റിസൻ ക്ലബ്, ഡോക്ടർ ഹോം കെയർ, ലൈബ്രറി, റീഹാബിലിറ്റേഷൻ, ട്രാൻസ്‌പോർട്ടേഷൻ ഫെസിലിറ്റി തുടങ്ങി വിവിധ പാലിയേറ്റീവ് സേവനങ്ങൾ തികച്ചും സൗജന്യമായി ഇവിടെ ലഭ്യമാകും.

ചാവക്കാട് മേഖലയിലെ അഞ്ചു പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റിയുമാണ്  ( ഗുരുവായൂർ മണ്ഡലം ) പ്രവർത്തന പരിധിയായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും പാടൂർ, പാവറട്ടി, എളവള്ളി എന്നിവിടങ്ങളിലെ ആവശ്യക്കാർക്കും നിലവിൽ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 

പതിനായിരം സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളിലായി ഉയരുന്ന കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് 2025 നവംബറിൽ  പാലിയേറ്റീവ് സേവനങ്ങൾ ആരംഭിക്കാനാവുമെന്ന് ബിൽഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള തെരുവത്ത് പറഞ്ഞു. 

2020 ജൂണിൽ പ്രവർത്തിച്ചു തുടങ്ങിയ ആൽഫ പാലിയേറ്റീവ് കെയറിൽ നിലവിൽ 529 കിടപ്പ് രോഗികൾ  പരിചരണത്തിലുണ്ട്.  വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആൽഫയിൽ പതിനാല് ജീവനക്കാർ നിരന്തരം സേവന സജ്ജരാണ്. ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ആൽഫയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും പുതിയ കെട്ടിടത്തിലേക്ക് മാറും. 

ശിലാ സ്ഥാപന ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ മുഖ്യാഥിതിയായി പങ്കെടുക്കും. വഖഫ് ബോർഡ് ചെയർമാനും ട്രസ്റ്റ് രക്ഷാധികാരിയുമായ അഡ്വ എം കെ സക്കീർ, പ്രവാസകാര്യ ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ, ജില്ലാ പഞ്ചായത്ത് മെമ്പറും ട്രസ്റ്റ് ഉപദേശകസമിതി അംഗവുമായ അഡ്വ വി എം മുഹമ്മദ്‌ ഗസ്സാലി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഷിത കെ, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, എം കെ ഗ്രൂപ്പ് ചെയർമാൻ എം കെ ഷാനവാസ് തുടങ്ങി കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 

ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് മുസ്താഖ് അഹമദ്, ജനറൽ സെക്രട്ടറി എ സി കമറുദ്ധീൻ, ബിൽഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള തെരുവത്, പ്രോഗ്രാം കൺവീനർ പി സി മുഹമ്മദ്‌ കോയ  ട്രഷറർ എ വി നിയാസ് അഹമ്മദ്, ട്രസ്റ്റി മുഹമ്മദ്‌ ഇഖ്‌ബാൽ പി കെ, ആൽഫ പാലിയേറ്റീവ് ജനറൽ സെക്രട്ടറി എ വി ഹാരിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Ma care dec ad

Comments are closed.