mehandi banner desktop

ഹോട്ടൽ സമരം: ഭക്തർ വലഞ്ഞു – പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം

fairy tale

ഗുരുവായൂർ : പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം .ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം പ്രസാദ ഊട്ട് നൽകി. ഹോട്ടൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിശന്ന് വലഞ്ഞെത്തിയവർക്കായി പതിവിന് പുറമെ അധിക പ്രസാദ ഊട്ട് ഒരുക്കിയാണ് ദേവസ്വം തുണയായത്. പുലർച്ചെ 5 മണി മുതൽ പ്രാതലിന് ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും നൽകി. 3500ലേറെ പേർ പങ്കെടുത്തു. രാവിലെ പത്തു മണി മുതൽ മോര് കൂട്ടാനും ഓലനും കൂട്ട് കറിയും പ്രധാന വിഭവങ്ങളായി പ്രസാദ ഊട്ട് നൽകിത്തുടങ്ങി. വൈകിട്ട് 4 മണി വരെ പ്രസാദ ഊട്ട് നീണ്ടു. വരി നിന്ന എല്ലാ ഭക്തരും പ്രസാദ ഊട്ടിൻ്റെ ഭാഗമായി.എണ്ണായിരത്തോളം പേർ പങ്കെടുത്തു. പ്രസാദ ഊട്ട് പൂർത്തിയായി കഴിഞ്ഞതോടെ വീണ്ടും വിശപ്പകറ്റാൻ ഭക്തരെത്തി വരിയിൽ നിരന്നു.

planet fashion

ഒരു മണിക്കൂറിനകം ഉപ്പ് മാവും ചട്നിയും ചുക്കുകാപ്പിയും സ്പെഷ്യലായി വീണ്ടും നൽകി. പ്രസാദ ഊട്ട് നൽകുന്നതറിഞ്ഞെത്തിയ ഭക്തർക്കാണ് ഈ വിഭവങ്ങൾ നൽകിയത്. രണ്ടായിരത്തോളം ഭക്തർക്കായി ഉപ്പ് മാവും ചട്നിയും ഒരുക്കിയിരുന്നു. രാത്രി ആയിരത്തോളം ഭക്തർക്ക് പതിവ് വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും നൽകും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ നിർദ്ദേശാനുസരണമാണ് ഹോട്ടൽ സമര ദിനത്തിൽ അധിക പ്രസാദ ഊട്ട് ഒരുക്കി ഭക്തർക്ക് നൽകിയത്.

ക്ഷേത്രം ജീവനക്കാരും ദേവസ്വം ഉദ്യോഗസ്ഥരും ഭക്തരുടെ സഹായത്തിന് രംഗത്തിറങ്ങി. ദേവസ്വത്തിൻ്റെ സമയോചിതമായ ഇടപെടലിൽ പല ഭക്തരും സ്നേഹവും പിൻതുണയും അറിയിച്ചാണ് മടങ്ങിയത്.

Comments are closed.