ലോക പഞ്ചഗുസ്തിയിൽ പാവറട്ടി സ്വദേശിനി രഹന റഷീദിന് സ്വർണം

പാവറട്ടി: ഗോവയിലെ മഡ്ഗാവിൽ വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ഫൗണ്ടേഷൻ ഇന്ത്യ സംഘടിപ്പിച്ച ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പാവറട്ടി സ്വദേശിനി രഹന റഷീദിന് സ്വർണനേട്ടം. കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് രഹന ലോകവേദിയിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയത്.ഈ വർഷം ഖത്തറിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലും രഹന സ്വർണം നേടിയിരുന്നു. മുൻപ് പലതവണ ലോക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ സാങ്കേതിക കാരണങ്ങളാൽ കൈവിട്ടുപോയിരുന്നു. എന്നാൽ ഇത്തവണ മത്സരം ഇന്ത്യയിൽ വെച്ച് നടന്നത് രഹനയ്ക്ക് കരിയറിൽ വലിയ അനുഗ്രഹമായി മാറി. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഖത്തറിൽ നിന്ന് അവധിയെടുത്താണ് ഇവർ നാട്ടിലെത്തിയത്.കവിയായ റഷീദ് കെ. മുഹമ്മദാണ് രഹനയുടെ ഭർത്താവ്. അമ്മയുടെ വഴിയിലൂടെ കായികരംഗത്ത് മികവ് തെളിയിക്കുന്നവരാണ് ഇവരുടെ മക്കളും. മക്കളായ അദ്‌നാൻ ബിൻ അബ്ദുറഷീദും അഫ്‌നാൻ ബിൻ അബ്ദുറഷീദും ദേശീയ പഞ്ചഗുസ്തി താരങ്ങളാണ്. മകൾ അൽമ ബിന്ത് അബ്ദുറഷീദ് ഖത്തറിൽ വിദ്യാർത്ഥിനിയാണ്. ലോകവേദിയിലെ രഹനയുടെ ഈ സുവർണ്ണ നേട്ടം പാവറട്ടിക്കും രാജ്യത്തിനും ഒരേപോലെ അഭിമാനമായി.


Comments are closed.