കടപ്പുറം പഞ്ചായത്തിലെ കലക്കവെള്ള പ്രശ്നം: ജില്ലാ കളക്ടറുടെ ഇടപെടൽ; പരിഹാരമുണ്ടാകുമെന്ന് വാട്ടർ അതോറിറ്റി

കടപ്പുറം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതു ടാപ്പുകളിൽ ആഴ്ചകളായി കലക്കവെള്ളം ലഭിക്കുന്ന പരാതിയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജില്ലാ കളക്ടർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തൃശ്ശൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രതിനിധികളെയും പങ്കെടുപ്പിച്ചു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീലിമ എന്നിവരോട് കുടിവെള്ള വിതരണത്തിലെ തകരാറുകൾ അടിയന്തരമായി പരിഹരിക്കാൻ കളക്ടർ നിർദ്ദേശിക്കുകയായിരുന്നു. വിഷയം ഗൗരവമായി കാണുമെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പുനൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന ബഷീർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അഷ്ക്കർ അലി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ശിഹാബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


Comments are closed.