ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂർ: പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു

ഗുരുവായൂർ: വിധവകളെയും അവരുടെ മക്കളെയും കൈപിടിച്ചുയർത്താനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ‘ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂരിന്റെ’ ഈ മാസത്തെ പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ നടന്നു.ബേബി ആയിഷയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങൾക്ക് തണലായി ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ അർഹരായവരിലേക്ക് കൃത്യമായി എത്തിക്കാൻ സാധിക്കുന്നത് വലിയൊരു പുണ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈസ് ചെയർമാൻ മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷനൽ, വിദ്യാഭ്യാസ വിദഗ്ധൻ ടി.എം. ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അൻവർ അസീസ് കുട്ടികൾക്കായി ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പുകൾ ഹഫ്സ, റസിയ, ജംഷീറ, ലിനി, നൈല, റാഷിദ, ഹിബ, ഫിസ എന്നീ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ വിതരണം നടത്തി.ട്രസ്റ്റ് ഭാരവാഹികളായ അബ്ദു, ഹാരിസ്, ഫിറോസ് തുടങ്ങിയവരും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൺവീനർ പി.കെ. ഇസ്മായിൽ സ്വാഗതവും ട്രഷറർ ഹുസൈൻ കൊമ്പത്ത് നന്ദിയും രേഖപ്പെടുത്തി.


Comments are closed.