തെരുവുനായ ശല്യം രൂക്ഷം: ചൂണ്ടൽ ഗവ. സ്കൂളിന് ഇന്നും അവധി

ചൂണ്ടൽ: തെരുവുനായ ശല്യം പരിധിവിട്ടതോടെ ചൂണ്ടൽ ഗവ. യു.പി സ്കൂളിന് ഇന്നും അവധി പ്രഖ്യാപിച്ചു. സ്കൂൾ കോമ്പൗണ്ടിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നതും, ഇവ കുട്ടികൾക്കും അധ്യാപകർക്കും നേരെ അക്രമ സ്വഭാവം കാണിക്കുന്നതും വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നായ്ക്കളെ പൂർണ്ണമായും പിടികൂടാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന ഉറച്ച നിലപാടിലാണ് രക്ഷിതാക്കൾ.കഴിഞ്ഞ ദിവസം സ്കൂളിലേക്ക് വരികയായിരുന്ന ഒരു വിദ്യാർത്ഥിക്ക് നായയുടെ കടിയേറ്റിരുന്നു. പിന്നീട് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ആശങ്ക ഇരട്ടിച്ചത്. നിലവിൽ സ്കൂൾ പരിസരത്ത് അധ്യാപകർക്കോ ഇരുനൂറോളം വരുന്ന വിദ്യാർത്ഥികൾക്കോ ഭയമില്ലാതെ വരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.നായപിടിത്തം പരാജയപ്പെട്ടു; ഇന്ന് വീണ്ടും ശ്രമം തുടരുംഇന്നലെ രാത്രി വൈകിയും സ്കൂൾ കോമ്പൗണ്ടിലുള്ള അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടാൻ അധികൃതർ ശ്രമം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്നും സ്കൂളിന് അവധി നൽകാൻ നിർബന്ധിതരായത്.തെരുവുനായ്ക്കളെ പിടികൂടി സ്കൂൾ പരിസരം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നും തുടരും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.


Comments are closed.