മുതുവട്ടൂർ – കാവീട് റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു: അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

ചാവക്കാട്: വർഷങ്ങളായി തകർന്നു കിടക്കുന്ന മുതുവട്ടൂർ – കാവീട് റോഡിലേക്ക് തിരിഞ്ഞുനോക്കാതെ അധികൃതർ. നാട്ടുകാർ ദുരിതത്തിൽ.

നിരവധി വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്ന് ഈ പ്രധാന ലിങ്ക് റോഡ് പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. ഗുരുവായൂർ, ചാവക്കാട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. റോഡിലെ വലിയ കുഴികൾ കാരണം കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്. മഴക്കാലം ആരംഭിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയുയർത്തുന്നുണ്ട്.
വർഷങ്ങളായി കടുത്ത അവഗണന നേരിടുന്ന മുതുവട്ടൂർ – കാവീട് റോഡിന്റെ പുനരുദ്ധാരണത്തിനായി നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഈ ദുരവസ്ഥക്ക് ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്ന് പാർട്ടിയുടെ മുതുവട്ടൂർ യുണിറ്റ് സെക്രട്ടറി സലാം മുതുവട്ടൂർ പറഞ്ഞു. പ്രതിഷേധ സൂചകമായി വെൽഫെയർ പാർട്ടി ബോർഡുകൾ സ്ഥാപിച്ചു.


Comments are closed.