മുതുവട്ടൂര്‍ ആലുംപടിയിൽ സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പിന് അജ്ഞാതർ തീവെച്ചു

ചാവക്കാട്: ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുതുവട്ടൂര്‍ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് അജ്ഞാതര്‍ കത്തിച്ചത്. രണ്ട് പേര്‍ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുകയുമായിരുന്നു. മഴക്കോട്ട് ധരിച്ച രണ്ടു പേര്‍ വിജീഷ് മണിയുടെ വീട്ടിലേക്കു വരുന്നതും കാര്‍ കത്തിയ ഉടന്‍ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജീപ്പ് കത്തുന്നതുകണ്ട അയല്‍ക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരില്‍നിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉള്‍ഭാഗം ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. ജീപ്പിന്റെ ഗ്ലാസ് തകര്‍ത്ത് ജീപ്പിനുള്ളിലേക്ക് ഇന്ധനമൊഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




Comments are closed.