കാർ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്നംകുളം-പെരുമ്പിലാവ്-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂർ പാടത്തിന് സമീപം വാഹനം നിയന്ത്രണം വിട്ട് നൂറടിത്തോട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ചശേഷം തോട്ടിലേക്ക് മറിഞ്ഞത്.

അപകടസമയത്ത് വാഹനമോടിച്ചിരുന്ന മലപ്പുറം വളാഞ്ചേരി കുളത്തൂർ അമ്പലപ്പടി പനീരി വീട്ടിൽ ജാബിർ (40) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽത്തന്നെ ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ചാടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
വിവരമറിഞ്ഞ് കുന്നംകുളം ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, തോട്ടിൽ ശക്തമായ വെള്ളിയൊഴുക്ക് ഉള്ളതിനാൽ വാഹനം ഒഴുക്കിൽപ്പെട്ട് പാലത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിലാണ്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ വാഹനം പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് കാരണം ആദ്യഘട്ടത്തിൽ സാധിച്ചില്ല. തുടർന്ന് രക്ഷാപ്രവർത്തനം അടുത്ത ദിവസത്തേക്ക് മാറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



Comments are closed.