മുത്തച്ഛനെ കൊലപ്പെടുത്തി കവർച്ച: സൂത്രധാര 13 വയസ്സുകാരി; കാമുകനും കൂട്ടാളികളും പിടിയിൽ

ഹരിപ്പാട്: ഫോൺ അമിതമായി ഉപയോഗിച്ചതിന് വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യത്താൽ 65-കാരനായ മുത്തച്ഛനെ കാമുകനെയും സംഘത്തെയും വിട്ട് കൊലപ്പെടുത്തിയ 13 വയസ്സുകാരി പിടിയിലായി. കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംകൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കാമുകനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

കരുവാറ്റയിൽ പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാലാണ് ശിവൻകുട്ടിയും കുടുംബവും സമീപത്തെ വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛൻ നിരന്തരം ശാസിച്ചതാണ് കൊലപാതകത്തിന് കാരണം. സ്വർണം കവർന്ന് വിറ്റ് കിട്ടുന്ന പണം സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി.
ഞായറാഴ്ച മുത്തച്ഛൻ വീട്ടിൽ തനിച്ചാണെന്ന വിവരം കൊല്ലത്ത് ഒപ്പം പഠിച്ചിരുന്ന കാമുകനെ പെൺകുട്ടി ഫോണിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ മാർഗം ഹരിപ്പാട്ടെത്തിയ സംഘത്തിന് പെൺകുട്ടി ഫോൺ വഴി വീടുകാണിച്ചുകൊടുത്തു. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിച്ച് അകത്തുകടന്ന പ്രതികൾ കിടക്കവിരിയും വസ്ത്രങ്ങളും ഉപയോഗിച്ച് ശിവൻകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വിഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ച് സംഘം സ്ഥലംവിട്ടു.
കൃത്യം നടക്കുമ്പോൾ വീട്ടിലില്ലാതിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ നൽകിയ പരസ്പരവിരുദ്ധമായ മൊഴികളാണ് സംശയത്തിനിടയാക്കിയത്. വീട്ടിലെ മറ്റ് മുറികൾ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറി സുരക്ഷിതമായിരുന്നത് പൊലീസ് ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ മൊബൈൽ ഫോൺ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചതോടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മറ്റു പ്രതികളെയും പൊലീസ് പിടികൂടി.



Comments are closed.