mehandi banner desktop
Chavakkad online

ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നു – ഉദ്ഘാടനം ഒരുമാസത്തിനകം

Ft

ചാവക്കാട്: 10.8 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. കെട്ടിടത്തിന്റെ അവശേഷിക്കുന്ന എല്ലാ പ്രവൃത്തികളും ഈ മാസത്തോടെ പൂർത്തിയാകുമെന്ന് എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുതിയ കെട്ടിടത്തിലേക്കാവശ്യമായ ഫർണിച്ചറുകൾ അടിയന്തരമായി വാങ്ങാൻ യോഗത്തിൽ എം.എൽ.എ നിർദ്ദേശം നൽകി.

Jan oushadi

ചിങ്ങനാത്ത് കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് നടപടികൾ ഈ മാസത്തോടെ പൂർത്തിയാക്കി സ്ഥലം കെ.ആർ.എഫ്.ബിക്ക് കൈമാറുമെന്ന് സ്പെഷ്യൽ തഹസിൽദാർ യോഗത്തിൽ വ്യക്തമാക്കി. കൊച്ചന്നൂർ – മന്ദലാംകുന്ന് റോഡ് നിർമ്മാണം പൂർത്തിയായി വരികയാണെന്നും അടുത്ത മാസത്തോടെ ബി.എം.ബി.സി പ്രവൃത്തികൾ പൂർത്തിയാക്കുമെന്നും പി.ഡബ്ല്യു.ഡി റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അഞ്ഞൂർ – ജൂതക്കുളം റോഡ് ബി.സി പ്രവൃത്തി ഈ മാസത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ കർശന നിർദ്ദേശം നൽകി. മുതുവട്ടൂർ – കാവീട് റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കും. തീരദേശ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ട വാക്കയിൽ റോഡ്, ചെഗുവേര റോഡ് എന്നിവയുടെ ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.

തീരസംരക്ഷണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം കടൽഭിത്തി നിർമ്മാണം പൂർത്തിയായി വരികയാണ്. ചേറ്റുവ കായൽ സംരക്ഷണം, ഏങ്ങണ്ടിയൂർ ആയിരംകണ്ണി – മീൻകടവ് സൈഡ് പ്രൊട്ടക്ഷൻ, കടപ്പുറം പഞ്ചായത്തിലെ സൈഡ് ഭിത്തി, മുനക്കക്കടവ് കായൽ സംരക്ഷണം എന്നിവ പുരോഗമിക്കുന്നതായി ജലസേചന വകുപ്പ് അറിയിച്ചു. ചേറ്റുവ ഹാർബർ, മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവയിലെ പ്രവൃത്തികളും യോഗം വിലയിരുത്തി.

അണ്ടത്തോട് സ്കൂൾ കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ, ഗുരുവായൂർ യു.പി സ്കൂൾ, ആയുർവേദ ആശുപത്രി, പുന്നയൂർ സ്കൂൾ, ചാവക്കാട് വെറ്ററിനറി ആശുപത്രി എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പൂക്കോട് ഹെൽത്ത് സെന്റർ, കടപ്പുറം വി.എച്ച്.എസ്.സി എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ നിർദ്ദേശിച്ചു.

ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രമോദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി, ആന്റണി, കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബീന, വാട്ടർ അതോറിറ്റി, ഇറിഗേഷൻ, കെ.ആർ.എഫ്.ബി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Comments are closed.