വാടാനപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വാടാനപ്പള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-ഗുരുവായൂർ റൂട്ടിലോടുന്ന ‘വലിയപറമ്പിൽ’ ബസിന്റെ മുൻവശത്തെ ഇടത് ഭാഗത്തെ ടയറാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2:10-ഓടെ വാടാനപ്പള്ളി ചിലങ്ക സെന്ററിന് തെക്ക് ഭാഗത്തുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.

റോഡിന്റെ നടുഭാഗത്തുകൂടി പോകുമ്പോഴായിരുന്നു അപകടം. ടയർ പൊട്ടിത്തെറിച്ച് റോഡിലൂട ഉരസി മുന്നോട്ട് നീങ്ങിയ ബസ്, ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് 15 മീറ്ററോളം അകലെയാണ് നിശ്ചലമായത്. വാഹനം മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ടയർ പൂർണ്ണമായി തെറിച്ചുപോയി.
യാത്രക്കാരുടെ മുന്നറിയിപ്പ് ജീവനക്കാർ അവഗണിച്ചതായി ആരോപണം
ബസിന്റെ അടിഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് തളിക്കുളത്തുനിന്ന് ബസിൽ കയറിയ ഒരു വീട്ടമ്മ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും ഇവർ ഇത് ഗൗനിച്ചില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഈ അശ്രദ്ധയാണ് ടയർ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വലിയ ശബ്ദത്തിൽ ടയർ പൊട്ടിയതിനെ തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ കടുത്ത ഭീതിയിലായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.



Comments are closed.