കുറുക്കൻപാറ വാഹനാപകടം: മൂന്നംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ പിടിയിൽ

കുന്നംകുളം: കുറുക്കൻപാറയിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ദാരുണമരണത്തിനിടയാക്കിയ കാറപകടക്കേസിലെ മുഖ്യപ്രതി ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശി ബെൻ (31) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് രാവിലെയോടെയാണ് പോലീസ് പിടികൂടിയത്.ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പ്രതി മദ്യപിച്ച് അലക്ഷ്യമായി അമിതവേഗതയിൽ ഓടിച്ച കാർ, ദമ്പതികളും ഇവരുടെ മൂന്ന് വയസ്സുള്ള കുട്ടിയും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികരായ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.അപകടത്തിന് പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ ഉൾപ്പെട്ട കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.




Comments are closed.