mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; വെള്ളക്കെട്ട് ചർച്ചയിൽ നിന്ന് ഭരണപക്ഷം ഇറങ്ങിപ്പോയെന്ന് യു.ഡി.എഫ്; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് ചെയർമാൻ

Ft

ചാവക്കാട്: നഗരസഭയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ അപാകതകളും രൂക്ഷമായ വെള്ളക്കെട്ടും സംബന്ധിച്ച ചർച്ചയിൽ നിന്ന് ചെയർമാനടക്കം ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയതായി യു.ഡി.എഫ് ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചെയർമാൻ എ.എച്ച്. അക്ബർ വ്യക്തമാക്കി.

Jan oushadi

ആഗസ്റ്റ് ഒന്നിന് ചാവക്കാട് നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും വ്യാപാരികളും പൊതുജനങ്ങളും നേരിട്ട ദുരിതങ്ങളും കൗൺസിൽ യോഗത്തിൽ 13-ാം വാർഡ് കൗൺസിലർ ആരിഫ് പാലയൂർ രേഖകൾ സഹിതം അവതരിപ്പിച്ചു. മഴക്കാലത്തിന് മുന്നേ ഓടകളും കാനകളും വൃത്തിയാക്കുന്നതിൽ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്നും, ശുചീകരണത്തിനായി ചെലവഴിച്ച തുക ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ ചർച്ച പുരോഗമിക്കുന്നതിനിടെ ചെയർമാൻ യോഗനടപടികൾ അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് സി.എ. ഗോപപ്രതാപൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാത്ത ഭരണപക്ഷത്തിന്റെ നടപടി ഭീരുത്വപരമാണെന്നും അദ്ദേഹം ആരോപിച്ചു. കൗൺസിലർമാരായ ജോയസി ടീച്ചർ, ആസിഫ് പാലയൂർ, സുജാത സത്യൻ, ഷാജി ടി.എം., ശർമിള സത്താർ, സനൂപ്, സീന നൗഷാദ്, ഫെബീന നൗഷാദ്, തനുജ ഷാഫി, ബ്രിജിത പ്രതീപ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തികച്ചും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ മറുപടി നൽകി. ഓഗസ്റ്റ് ഒന്നിന് ചാവക്കാട് മേഖലയിൽ ഒറ്റ ദിവസംകൊണ്ട് 214 മില്ലീമീറ്റർ മഴ പെയ്ത മിന്നൽ പ്രളയമാണ് വെള്ളക്കെട്ടിന് കാരണമായത്. മാസം മുഴുവൻ ലഭിക്കേണ്ട മഴ ഒറ്റ ദിവസം പെയ്തിറങ്ങിയ പ്രകൃതിക്ഷോഭമാണ് വെള്ളക്കെട്ട് ഉണ്ടാക്കിയത്. ഏപ്രിൽ, മെയ് മാസങ്ങളിൽ തന്നെ എല്ലാ വാർഡുകളിലും മാതൃകാപരമായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഓഗസ്റ്റ് 2-ാം തീയതി തന്നെ വെള്ളം പൂർണ്ണമായി വാർന്നുപോയിട്ടും, നഗരസഭയെ മനഃപൂർവം താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം നടത്തുന്ന ഇത്തരം കള്ള പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി ചെയർമാൻ വ്യക്തമാക്കി.

Comments are closed.