ചാവക്കാട് എബിസി കേന്ദ്രത്തിലേക്ക് ഡോഗ് ക്യാച്ചർമാരെ ക്ഷണിക്കുന്നു; അപേക്ഷ ഒക്ടോബർ 12-നകം നൽകണം

ചാവക്കാട്: ചാവക്കാട് നഗരസഭ വെറ്ററിനറി ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിലേക്ക് ഡോഗ് ക്യാച്ചർമാരുടെ പാനൽ രൂപീകരിക്കുന്നതിനായി പരിശീലനം ലഭിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ചാവക്കാട് എബിസി കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന കടപ്പുറം, ഒരുമനയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, എളവള്ളി, മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നീ ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ നിന്നും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ നിന്നും തെരുവുനായ്ക്കളെ സുരക്ഷിതമായി പിടികൂടി എത്തിക്കുന്നതിനാണ് ഡോഗ് ക്യാച്ചർമാരെ നിയമിക്കുന്നത്. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് നായ്ക്കളെ പിടികൂടി എബിസി സർജറിക്കും പരിചരണത്തിനും ശേഷം പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിടുന്ന ജോലിയാണ് നിർവഹിക്കേണ്ടത്.നായ്പിടുത്തത്തിൽ അംഗീകൃത പരിശീലന സർട്ടിഫിക്കറ്റ് ഉള്ളവരെ ഉൾപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ ‘ചാവക്കാട് എബിസി ക്ലസ്റ്റർ തല ഡോഗ് ക്യാച്ചർ’ പട്ടിക തയ്യാറാക്കും. ഈ പട്ടികയിൽ നിന്നാണ് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിയോഗിക്കുക. ഇവർക്കുള്ള പ്രതിഫലം സർക്കാർ ഉത്തരവുകൾക്ക് വിധേയമായി തദ്ദേശ സ്ഥാപനങ്ങൾ നൽകും.തെരുവുനായ്ക്കളെ സുരക്ഷിതമായി പിടികൂടാനുള്ള ഉപകരണങ്ങളും അവയെ എത്തിക്കാനും തിരികെ വിടാനുമുള്ള വാഹനവും സ്വന്തമായോ സ്വന്തം ഉത്തരവാദിത്തത്തിലോ ഏർപ്പാടാക്കാൻ തയ്യാറുള്ളവർക്കും, എബിസി പദ്ധതിയിൽ പ്രവൃത്തിപരിചയം, WVS പരിശീലനം എന്നിവ ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.നിശ്ചിത മാതൃകയിലുള്ള അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി 2026 ഒക്ടോബർ 12 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ചാവക്കാട് നഗരസഭ ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487 2507376 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.




Comments are closed.