നാട്ടിക ടോൾ പ്ലാസയിൽ സംഘർഷാവസ്ഥ; നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയതിനെതിരെ പ്രതിഷേധം കത്തുന്നു

നാട്ടിക: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾ പ്ലാസയിൽ ഇന്ന് രാവിലെ മുതൽ സംഘർഷാവസ്ഥ. റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

രാവിലെ എട്ടു മണിയോടെ കരാർ കമ്പനി ടോൾ പിരിവിനുള്ള നടപടികൾ ആരംഭിച്ചതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. പ്രവർത്തകർ ടോൾ ബൂത്തുകളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ ഇന്നലെ സി.പി.എം, സി.പി.ഐ, യു.ഡി.എഫ്, എസ്.ഡി.പി.ഐ തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.
ചാവക്കാട് മുതൽ നാട്ടിക വരെയുള്ള റൂട്ടിൽ നിരവധി പാലങ്ങളുടെയും സർവീസ് റോഡുകളുടെയും ഹൈവേയുടെയും പണികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. റോഡ് പൂർണ്ണസജ്ജമാകാതെയും ജനങ്ങൾക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാതെയും തിടുക്കപ്പെട്ട് ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെയാണ് ജനരോഷം ഉയരുന്നത്.



Comments are closed.