നന്മയുടെ പൊൻതിളക്കം; മാലിന്യത്തിൽ നിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ

പുന്നയൂർക്കുളം: വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ മാതൃകയായി. പുന്നയൂർക്കുളം പഞ്ചായത്തിലെ ഏഴാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ മല്ലിക, പ്രമീള എന്നിവരാണ് സത്യസന്ധത കാട്ടി നാടിന്റെ പ്രശംസ ഏറ്റുവാങ്ങിയത്.

വാർഡിലെ തറയിൽ ഫിറോസിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് സ്വർണാഭരണങ്ങൾ അടങ്ങിയ പെട്ടി ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പെട്ടി തുറന്നു പരിശോധിച്ചപ്പോൾ മൂന്ന് കമ്മലുകളും ഒരു മുക്കുത്തിയും കണ്ടെത്തുകയായിരുന്നു.
സ്വർണമാണെന്ന് വ്യക്തമായതോടെ ഇരുവരും ഉടൻതന്നെ വിവരം വീട്ടുകാരെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചു. തുടർന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസ്സൻ, വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ, ഐ.ആർ.ടി.സി കോഡിനേറ്റർ ബബിത എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ ഉടമസ്ഥന് കൈമാറി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഹരിതകർമ്മ സേനാംഗങ്ങളെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും അഭിനന്ദിച്ചു.



Comments are closed.