
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്നു. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (63) പുഷ്പലതയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മാധവൻ അമ്പാടി പാർക്കിംഗ് ഗ്രൗണ്ടിന് മുന്നിലെ ചായക്കട തുറക്കാനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വാതിൽ അടയ്ക്കാനായി മുൻവശത്തെത്തിയപ്പോഴാണ് മോഷ്ടാവ് പുഷ്പലതയെ ആക്രമിച്ചത്. കഴുത്തിൽ മാലയുണ്ടോന്ന് തപ്പിനോക്കി ഇവരെ തള്ളിയിടുകയായിരുന്നു. എണീറ്റ് അടുക്കള ഭാഗത്തേക്ക് ഓടിയ പുഷ്പലതയെ പിന്തുടർന്ന് വീണ്ടും തള്ളിയിട്ട് കൈയിലെ വള ബലമായി ഊരിയെടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇവർ നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. രാത്രി കിടക്കാൻ നേരം മാല അഴിച്ചു വച്ചിരുന്നു. ഇടത്തെ കയ്യിൽ നാലു വളകൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവിന്റെ നഖം തട്ടിയും വീഴ്ചയിൽ ചുണ്ടു പൊട്ടിയും ഇവർക്ക് പരിക്കേറ്റു. ടെമ്പിൾ പോലീസ് നടത്തിയ തിരച്ചിലിൽ മോഷ്ടാവിന്റെ സിസിടിവ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Comments are closed.