പുന്നയൂർക്കുളം: കെട്ടിട നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കോൺഗ്രസ് പുന്നയൂർക്കുളം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പെർമിറ്റ് ഫീസ് 500 ശതമാനത്തിലേറെ വർധിപ്പിച്ചത് ഉൾപ്പെടെയുള്ള നികുതിക്കൊള്ളയിൽ പ്രതിഷേധിച്ചാണു സമരം.
കുന്നത്തൂരിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ. എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി നികുതിക്കൊള്ള നടത്തി നികുതി ഭീകരത നടപ്പിലാക്കിയ സർക്കാർ വീണ്ടും ജനങ്ങളെ പ്രയാസപ്പെടുത്തുന്നതിനായി കെട്ടിട പെർമിറ്റ് ഫീസും പുതുതായി ഉണ്ടാക്കുന്ന വീടുകളുടെ നികുതിയും ഒരു ന്യായവും ഇല്ലാതെ വർധിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി. രാജൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ, എൻ. ആർ. ഗഫൂർ, കുന്നംകാട്ടയിൽ അബൂബക്കർ, പി. രാമദാസ്, മുഹമ്മദുണ്ണി, സലീൽ അറക്കൽ, കെ.പി. ധർമ്മൻ, മൊയ്തുണ്ണി ചാലിൽ, അബുതാഹിർ എന്നിവർ സംസാരിച്ചു.
സമര പരിപാടിക്ക് കെബീർ തെങ്ങിൽ, നാസർ ചെമ്മണ്ണൂർ, അഷ്‌റഫ് മാവിൻച്ചുവട്, ടിപ്പു ആറ്റുപ്പുറം, ദേവാനന്ദൻ, കുഞ്ഞിമൊയ്തു, ടിഎം പരീത്, ഷാനിബ മൊയ്തുണ്ണി, കുമാരൻ, ഷംസു എന്നിവർ നേതൃത്വം നൽകി.
Comments are closed.