mehandi new

ആരവമൊഴിഞ്ഞ് ചാവക്കാട് ബീച്ച്; ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി – വറുതിയിലായി തീരം

fairy tale

ചാവക്കാട് : ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി. വറുതിയിലായി തീരം. വള്ളവും വലയും മീനും ലേലം വിളികളുമായി സജീവമായിരിന്ന ചാവക്കാട് ബീച്ചിൽ ആരവങ്ങളില്ലാതായിട്ട് 30 ദിവസം പിന്നിട്ടു. അന്യ സംസ്ഥാന വള്ളങ്ങൾക്കും ബോട്ടുകൾക്കും, കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിന് വിലക്കുള്ളതിനാലും ചാവക്കാട് കടലിൽ പോയിരുന്ന കന്യാകുമാരി, കുളച്ചിൽ സ്വദേശികൾ നാട്ടിലേക്ക് പോയി. പറമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് 12 നോട്ടിക്കൽ മയിലിനുള്ളിൽ ഉപരിതല മത്സ്യബന്ധനം നടത്താം എങ്കിലും ചാവക്കാട് മേഖലയിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾ എടക്കഴിയൂർ പഞ്ചവടി ബീച്ചുകളിലാണ് വള്ളം അടുപ്പിക്കുന്നത്. ഇതോടെ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ മത്‍സ്യമേഖല പൂർണ്ണമായും ഉണങ്ങി. മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലാളികൾക്കും പണിയില്ലാതെയായി. 

planet fashion

പഞ്ചവടി കടപ്പുറത്ത് മീൻ പിടുത്തവും  കച്ചവടവും സജീവമാണെങ്കിലും വളരെ കുറഞ്ഞ മത്സ്യം മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മത്സ്യ സമ്പത്തിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നതായി പുളിക്കുന്നത്ത് വള്ളങ്ങളുടെ ഉടമ പുളിക്കുന്നത്ത് മുജീബ് പറഞ്ഞു.  അമ്പതോളം വള്ളങ്ങളിൽ നാലോ അഞ്ചോ വള്ളങ്ങൾക്ക് മാത്രമാണ് കാര്യമായി മത്സ്യം ലഭിക്കുന്നത്. കൂടുതൽ പേരും തൊഴിലില്ലാതെ കഴിയുകയാണ്.  വരും ദിവസങ്ങളിൽ കൂടുതൽ മീൻ ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  

പോത്തൻ (ഡബിൾ നെറ്റ്) വലകളും മറ്റു നിരോധിത രീതികളും  ഉപയോഗിച്ച് ചില വള്ളക്കാർ നടത്തുന്ന മത്സ്യബന്ധനം മറ്റു വള്ളക്കാർക്ക് കൂടെ വിനയാകുന്നതായി മത്‍സ്യത്തൊഴിലാളികൾ പറഞ്ഞു. വിവരമറിഞ്ഞു ഫിഷറീസ് ഉദ്യോഗസ്ഥർ എത്തുന്നതോടെ മുഴുവൻ വള്ളങ്ങളും കരക്ക് കയറ്റേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. 

മത്സ്യബന്ധന മേഖലയിൽ സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ പിടികൂടിയവകയിൽ ഈ വർഷം ഏറ്റവും കൂടുതൽ തുക സർക്കാറിലേക്ക് അടച്ചത്  തൃശൂർ ജില്ലയിൽ നിന്നാണ്. 18 കേസുകളിൽ നിന്നായി,  പിടിച്ചെടുത്ത മത്സ്യം ലേലംചെയ്ത് ലഭിച്ചതും ഫൈനും ഉൾപ്പെടെ  2157500 രൂപ സർക്കാറിലേക്ക് ഒടുക്കിയിട്ടുണ്ട്. 

നിരോധിത മത്സ്യബന്ധന രീതികൾ അവലംബിക്കുന്ന വള്ളങ്ങൾക്ക് ചെറിയ ചെമ്മീൻ ഉൾപ്പെടെയുള്ള മീനുകൾ ലഭിക്കുന്നുണ്ട്. പോത്തൻ വലകളുടെ ഉപയോഗം അടിത്തട്ടിലെ മത്സ്യങ്ങളുടെ മുട്ടകൾ വരെ നശിപ്പിക്കും.  നിയമങ്ങൾ മത്സ്യതൊഴിലാളികളുടെ നന്മക്ക് വേണ്ടിയാണെന്നും ഇപ്പോൾ ലഭിക്കുന്ന ചെറിയ സന്തോഷങ്ങൾ ഭാവിയിൽ അവർക്ക് തന്നെ ദോഷമായി വരുമെന്നും ഫിഷറീസ്  സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി സീമ മാധ്യമത്തോട്  പറഞ്ഞു. 

രാജ്യ സുരക്ഷയുടെ ഭാഗമായി നേവി, കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ബ്യൂറോ എന്നീ സുരക്ഷാ ഏജൻസികളുടെ നിർദേശമനുസരിച്ച് ഓരോ തൊഴിലാളികളുടെയും ക്യു ആർ കോഡ് എന്നാബിൾഡ് ആധാർ കാർഡ് മത്സ്യബന്ധന യാനങ്ങളിൽ സൂക്ഷിക്കണമെന്ന് പുതിയ നിർദേശമുണ്ടെന്നും ആധാർ കാർഡില്ലാത്തവർക്ക് ഫൈൻ ഈടാക്കി തുടങ്ങിയതായും ഫിഷറീസ് ഡിപ്പാർട്മെന്റ് അറിയിച്ചു. 

മുനക്കകടവ് ഹാർബറിലും എടക്കഴിയൂർ ബീച്ചിലും കഴിഞ്ഞ ദിവസങ്ങളിൽ ചെമ്മീനും, മത്തിയും ധാരാളമായി ലഭിച്ചത് പ്രാദേശിക മത്സ്യ വിപണിയിൽ  ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്. 

Macare 25 mar

Comments are closed.