ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം സംഘടിപ്പിച്ചു. സംഗീത തൽപരരായ, ചാവക്കാട് താലൂക്കിലെ ജീവനക്കാരും വിരമിച്ചവരും ഇവിടെനിന്ന് സ്ഥലം മാറിപ്പോയവരും ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മയാണ് ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ്. ഗുരുവായൂർ ടൗൺഹാളിൽ നടന്ന വാർഷിക സമ്മേളനം തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് തഹസിൽദാർ എം കെ കിഷോർ അധ്യക്ഷനായി. സിനിമ സംവിധായകൻ വിജീഷ് മണി വിശിഷ്ട അതിഥിയായി. ചടങ്ങിൽ മുൻ തഹസിൽദാർ കെ പ്രേംചന്ദ് കളത്തിൽ രചിച്ച ‘അനുരാഗ സന്ധ്യ’ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശന കർമ്മം നടന്നു.

ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ ലഭിച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത വിജീഷ് മണിയേയും ഡെപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം ലഭിച്ച സി എസ് രാജേഷിനെയും വിസ്മയകരമായ രീതിയിൽ ഗാനമാലപിക്കുന്ന കുരുന്ന് ഗായിക സാരംഗി മണികണ്ഠനെയും ‘മ്യൂസിക് ക്ലബ് നാൾവഴിയിലൂടെ’ ദൃശ്യാവിഷ്കാരം തയ്യാറാക്കിയ പി ബി ഉണ്ണികൃഷ്ണനേയും ചടങ്ങിൽ ആദരിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച മ്യൂസിക് ക്ലബ്ബ് അംഗങ്ങളായ കെ ഗീത, എം ജി ജോസഫ്, കെ എസ് അനിൽകുമാർ, എം എ തോമസ്, കെ ഷീജ, ഇ ഡി ഗിരി, സി സി ജിജി, സി സി രുഗ്മിണിദേവി, കെ ബി സനൽ, കെ പ്രകാശൻ എന്നിവർക്ക് ഉപഹാരം നൽകി. ഡെപ്യൂട്ടി തഹസിൽദാർ പി വി ഫൈസൽ ആമുഖ ഭാഷണം നടത്തി. മുൻ തഹസിൽദാർമാരായ കെ എസ് അനിൽകുമാർ സ്വാഗതവും കെ പ്രേംചന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കരോക്കെ ഗാനമേള ഉണ്ടായി. കെ എസ് അനിൽകുമാർ, കെ. പ്രേംചന്ദ്, പി വി ഫൈസൽ, പി സി മോളി, ഷാലി ടൈസൻ, മനോജ് പൂവന്ത്ര തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.