ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കം

ചാവക്കാട് : ചേറ്റുവ ഫക്കീർ സാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന നാട്ടുകാഴ്ചകൾ അരങ്ങേറും. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് മൗലിദ് പാരായണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് ഏഴുമണിക്ക് ചന്ദനക്കുടം നേർച്ച ഘോഷ വിളംബരം നടക്കും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ചേറ്റുവയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആദ്യ കാഴ്ച പുറപ്പെടുകയും 11:30-ന് ജാറം പരിസരത്ത് സമാപിക്കുകയും ചെയ്യും. അന്ന് രാത്രി ഏഴുമണിക്ക് കാസീസ് ഫെസ്റ്റ്, സീറോക്സ് നൈറ്റ് ഫെസ്റ്റ്, സാക്ക്മാർ ഫെസ്റ്റ്, ഹസിഓക്സ് നൈറ്റ് എന്നീ ക്ലബ്ബുകളുടെ നാട്ടുകഴ്ചകൾ നടക്കും. ഈ കാഴ്ചകൾ രാത്രി 12 മണിയോടെ ജറാത്തിൽ എത്തി സമാപിക്കും.

ആഘോഷങ്ങളുടെ പ്രധാന ദിനമായ ഞായറാഴ്ച രാവിലെ 8:30-ന് ചേറ്റുവ ചുള്ളിപ്പടി ഫൈസൽ ബിൻ ഹസ്സൻ്റെ വസതിയിൽ നിന്ന് കൊടികയറ്റ കാഴ്ച പുറപ്പെടും. ഉച്ചയ്ക്ക് 12.30-ന് ജാറത്തിലെത്തി കൊടികയറ്റുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക പൂർണ്ണതയാകും. ഇതിനുശേഷം ജാറം പരിസരത്ത് ഭക്തർക്കായി ചക്കരക്കഞ്ഞി വിതരണവും ഉണ്ടാവും. ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് വിവിധ ക്ലബ്ബുകളുടെ ഘോഷയാത്ര ആരംഭിക്കും. അഞ്ചുമണിക്ക് ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ ഗജവീരന്മാരും വാദ്യമേളങ്ങളും ചേറ്റുവ ജി.എം.യു.പി സ്കൂൾ പരിസരത്ത് അണിനിരക്കും.
വൈകിട്ട് ഏഴുമണിക്ക് മഹാത്മാ ബ്രദേഴ്സ് ഒരുക്കുന്ന സ്നേഹവിരുന്ന് നടക്കും. തുടർന്ന് എഫ്.എ.സി ചെത്ത് കാഴ്ച, യുണൈറ്റഡ് ഫെസ്റ്റ്, ചലഞ്ചേഴ്സ് ഫെസ്റ്റ് എന്നീ ക്ലബ്ബുകളുടെ നാട്ടുകഴ്ചകൾ ആരംഭിക്കും. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് ജാറത്തിൽ കാഴ്ചകൾ സമാപിക്കുന്നതോടെ ഈ വർഷത്തെ നേർച്ചാഘോഷങ്ങൾക്ക് സമാപ്തിയാകുമെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് എ.എ ഷഫീര്‍, ജനറൽ സെക്രട്ടറി കെ.എം ആഷിഫ്, ട്രഷറർ വി.എം അബ്ദുസ്സലാം എന്നിവർ അറിയിച്ചു.

Comments are closed.