Header

കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ച് തീരദേശ ഹൈവേ – കാര്യമായ നഷ്ടങ്ങളില്ലാതെ ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തെ കീറിമുറിച്ച് തീരദേശ ഹൈവേ. ഗുരുവായൂർ മണ്ഡലത്തിലെ എങ്ങണ്ടിയൂർ, ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ താരതമ്യേനെ ജന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് ഹൈവേ അലൈൻമെന്റ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അലൈൻമെന്റ് സ്കെച്ച് മെയിൽ ചെയ്തതായി ഹൈവേ ഉദ്യോഗസ്ഥർ അറിയിച്ചു.

ഗുരുവായൂർ മണ്ഡലത്തിൽ തീരദേശ ഹൈവേ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് കടപ്പുറം പഞ്ചായത്തിൽ.
ചേറ്റുവ അഴിമുഖത്തു നിന്നും മുനക്കകടവ് അഴിമുഖത്തേക്ക് പ്രവേശിക്കുന്ന ഹൈവേ മുനക്കകടവ് മുതൽ നിലവിലുള്ള തീരദേശ റോഡിന്റെ കിഴക്ക് ഭാഗത്ത്‌കൂടെ മറ്റൊരു പുതിയ റോഡായാണ് ബ്ളാങ്ങാട് ലൈറ്റ് ഹൗസ് വരെയും നിർമിക്കുക. മുനക്കകടവിൽ നിന്നും വരുന്ന തീരദേശ ഹൈവേ ലൈറ്റ് ഹൗസ് ന് സമീപമെത്തി നിലവിലുള്ള തീരദേശ റോഡിലേക്ക് പ്രവേശിക്കും.
നിലവിലെ തീരദേശ റോഡിന്റെ പടിഞ്ഞാറ് താമസിക്കുന്നവർ കടൽക്ഷോഭ ഭീഷണി നേരിടുമ്പോൾ കിഴക്ക് ഭാഗം താമസിക്കുന്ന നിരവധി കുടുംബങ്ങൾ തീരദേശ ഹൈവേ നിർമ്മാണത്തെ തുടർന്ന് കുടിയിറക്കപ്പെടും.
നിർദ്ധിഷ്ട ഹൈവേ ജനജീവിതത്തെ എത്രത്തോളം ബാധിക്കുമെന്നും എത്ര കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്നുമുള്ള കണക്ക് നിലവിൽ പഞ്ചായത്തിന്റെ കൈവശം ഇല്ല. ഫൈനൽ സ്കെച്ച് ലഭ്യമായ മുറക്ക് പഠനം നടത്താനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതി.
ചേറ്റുവ അഴിമുഖത്തെയും മുനക്കകടവ് അഴിമുഖത്തെയും ബന്ധിപ്പിക്കുന്നതിനു 500 മീറ്ററിൽ പുഴയുടെ കുറുകെ പാലം നിർമ്മിക്കും.

തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചാവക്കാട് തീരദേശ മേഖലയിലെ ജനജീവിതത്തെ കാര്യമായി ബാധിക്കില്ലെന്ന് നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. ദിവസങ്ങൾക്കു മുൻപ് എൻ കെ അക്ബർ എം എൽ എ വിളിച്ചു ചേർത്ത ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ വിശദമായ സ്കെച്ച് ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ചിരുന്നായി അവർ പറഞ്ഞു.

ചാവക്കാട് നഗരസഭയിൽ ഉൾപ്പെട്ട തീര മേഖലയിൽ നിലവിലുള്ള റോഡിന്റെ പടിഞ്ഞാറ് ജനവാസം കുറഞ്ഞ ഭാഗത്ത് നിന്നുമാണ് കൂടുതലായും സ്ഥലം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ജനജീവിതത്തെ കാര്യമായി ബാധിക്കില്ല .
ചാവക്കാട് ബീച്ച് സെന്ററിൽ ഇരു ഭാഗവും വീതി കൂട്ടിയെടുക്കുന്നതിനാൽ ആ ഭാഗത്ത്‌ കൂടുതൽ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടിവരും എന്നതൊഴിച്ചാൽ ചാവക്കാട് നഗരസഭയിൽ കാര്യമായ നഷ്ടങ്ങൾ പുതിയ തീരദേശ ഹൈവേമൂലം ഉണ്ടാകില്ലെന്ന് ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ചാവക്കാട് ഓൺലൈനോട് പറഞ്ഞു.

പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ തീരദേശമേഖലയിലെ ജനജീവിതത്തെ കാര്യമായി ബാധിക്കാത്ത രീതിയിലാണ് ഹൈവേ കടന്നു പോകുന്നത്.

ബ്ലാങ്ങാട് ലൈറ്റ് ഹൗസ് മുതൽ ദ്വാരക ബീച്ച് വളവ് വരെ നിലവിലെ തീരദേശ റോഡ് വികസിപ്പിച്ചാണ് ഹൈവേ നിർമാണം. ദ്വാരക ബീച്ചിൽ നിന്നും നേരെ ചാവക്കാട് നഗരസഭാ ഇരുപതിനാലാം വാർഡിൽ നിലവിലുള്ള തീരദേശ റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിർമ്മിക്കും.
ഈ തീരദേശ റോഡിനെ വികസിപ്പിച്ചു പോകുന്ന ഹൈവേ തെക്കേ മദ്രസ അഫയൻസ് ബീച്ച് വഴി എടക്കഴിയൂർ കാജാ കമ്പനി തീരദേശ റോഡിലെത്തി പിന്നീട് പഞ്ചവടി മറൈൻ വേൾഡ് അക്വെറിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തു കൂടെ പുതിയ റോഡ് നിർമ്മിക്കും. ഈ റോഡ് മന്നലാംകുന്ന് അണ്ടത്തോട് പെരിയമ്പലം ബീച്ച് വഴി തങ്ങൾ പടിയിലെത്തി വലത്തോട്ട് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിക്കും. പിന്നീട് ദേശീയപാതയിലൂടെ പൊന്നാനിയിലെത്തി നേരെ പോകുന്ന റോഡ് തുറമുഖം റോഡിലേക്ക് പ്രവേശിക്കും.

thahani steels

Comments are closed.