സ്വകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപ തട്ടി മുങ്ങിയ കോൺഗ്രസ് നേതാവ് മൈസൂരിൽ പിടിയിൽ

ചാവക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 70 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കോൺഗ്രസ് പ്രാദേശിക നേതാവ് പോലീസിൻ്റെ പിടിയിലായി. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറിയും അകലാട് കാട്ടിലപ്പള്ളി, ഇടക്കഴിയൂർ സ്വദേശിയുമായ സുനീർ എന്ന നൂറുവിനെയാണ് ചാവക്കാട് പോലീസ് മൈസൂരിൽ നിന്നും പിടികൂടിയത്.

പണമിടപാട് സ്ഥാപനത്തിൽ നിന്നും 70,40,000 രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു. തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി തൃശ്ശൂർ ഡിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നഗുൽ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ട് എന്നിവരുടെ നിർദ്ദേശപ്രകാരം ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എം.കെ. രമേഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്. ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബു, എസ്.ഐ സജിത് കുമാർ, എസ്.ഐ ജലീൽ, എസ്.സി.പി.ഒ സജീവ്, സി.പി.ഒ മാരായ അജിത്ത് ലാൽ, രജിത്ത്, അനീഷ് വി. നാഥ്, രതീഷ് കുമാർ, വിഷ്ണു, വിഷ്ണു പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് സൈബർ സെൽ ഉദ്യോഗസ്ഥനായ ഫീസ്റ്റോയുടെ സഹായത്തോടെ പ്രതിയെ മൈസൂരിൽ നിന്നും പിടികൂടിയത്. നാട്ടിലെത്തിച്ച പ്രതിയെ തെളിവെടുപ്പിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.



Comments are closed.