പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നാണ് പുന്നയൂർ. ധാരാളം കോവിഡ് രോഗികൾ ഉള്ള ഇവിടെ ചികിത്സക്കും മരുന്ന് നല്കുന്നതിനുമായി മുഴുവൻ സമയവും ആരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇപ്പോൾ പകൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. മാത്രവുമല്ല ഞായറാഴ്ച്ചകളിൽ ഉച്ചയ്ക്ക് മുൻപ് അടയ്ക്കുകയാണ്. ധാരാളം രോഗികളാണ് ഈ സമയങ്ങളിൽ മരുന്ന് ലഭിക്കാതെ വലയുന്നത്.
നിത്യ കൂലിക്ക് ജോലി എടുത്തിരുന്ന ധാരാളം ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ മൂലം ജോലിയില്ലാതെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുമ്പോൾ മരുന്നിനെങ്കിലും ആശ്രയമാകേണ്ട പഞ്ചായത്തിലെ ഏക ഇടമാണ് ഇത്തരത്തിൽ അടച്ചിടുന്നത്. ഇത് മൂലം മരുന്ന് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ് രോഗികൾക്ക് വന്നിട്ടുള്ളത്.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ കാദർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്, ആർ.വി മുഹമ്മദ്‌കുട്ടി, സി മുഹമ്മദലി, അസീസ് മന്ദലാംകുന്ന്, നസീഫ് യൂസഫ്, എം.കെ.സി ബാദുഷ, കബീർ ഫൈസി അകലാട്, കെ.എ കബീർ എന്നിവർ സംസാരിച്ചു,
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കുഞ്ഞുമുഹമ്മദ് സ്വാഗതവും പഞ്ചായത്ത് മെമ്പർ സി അഷ്‌റഫ് നന്ദിയും പറഞ്ഞു
Comments are closed.