മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു
പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു.
ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തിന് ആശുപത്രിയിലേക്കായി മോട്ടോർ സൈക്കിളിൽ ഇറങ്ങിയ സുലൈമുവിനു റോഡ് കെട്ടി അടച്ചതിനെ തുടർന്ന് യാത്ര ചെയ്യാനായില്ല. പുന്നയൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ റോഡുകൾ മുഴുവൻ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അടച്ചിരുന്നു.
അത്യാവശ്യക്കാർക്കായി സർക്കാർ തന്നെ അനുവദിച്ചിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെമ്പറുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് സി.പി.എം ക്രിമിനലുകളെത്തി പുറകിൽ നിന്നും മർദ്ദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം പ്രവർത്തകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും എടക്കഴിയൂർ കാദിരിയ ജുമ മസ്ജിദ് ജനറൽ സെക്രട്ടറിയുമായ സുലൈമുവിനെതിരെയുള്ള ആക്രമണം നീതീകരിക്കാനാകാത്തതാണ്.
കോവിഡ് ആദ്യഘട്ടത്തിൽ കഴിഞ്ഞ വർഷം പഞ്ചായത്ത്തല കോവിഡ് നിയന്ത്രണ കമ്മിറ്റി അംഗമായി മുഴുവൻ സമയ പ്രവർത്തകനായി നാടിനുവേണ്ടി സേവനമനുഷ്ഠിച്ച സുലൈമുവിനെതിരെയുള്ള അക്രമം കോവിഡ് നിയന്ത്രണം പറഞ്ഞു വെള്ളപൂശാനുള്ള സി.പി.എം ശ്രമം ജനാധിപത്യ വിശ്വാസികൾ അംഗീകരിക്കില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
Comments are closed.